വെറ്ററിനറി സാമ്പിളുകൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള പെർമിറ്റ് നടപടികൾ ഡിജിറ്റലാക്കി ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: വെറ്ററിനറി സാമ്പിളുകൾ ബഹ്റൈന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പെർമിറ്റ് വിതരണം പൂർണ്ണമായും ഡിജിറ്റലാക്കി മുനിസിപ്പാലിറ്റി കാര്യ കാർഷിക മന്ത്രാലയം. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് സേവനങ്ങൾ എളുപ്പമാക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനം വികസിപ്പിച്ചെടുത്തത്.
അന്താരാഷ്ട്ര ഷിപ്പിംഗ് മാനദണ്ഡങ്ങൾ പാലിച്ചും, അതിർത്തി കടന്നുള്ള രോഗ സംക്രമണ സാധ്യതകൾ കുറച്ചും, അംഗീകൃത ആരോഗ്യ-ജീവശാസ്ത്ര സുരക്ഷാമാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. പുതിയ പരിഷ്കാരത്തോടെ പെർമിറ്റ് ലഭിക്കാനുള്ള സമയം വെറും ഒരു പ്രവൃത്തി ദിവസമായി ചുരുങ്ങി. കൂടാതെ, അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ ഏഴിൽ നിന്ന് മൂന്നായി കുറയ്ക്കുകയും അനുബന്ധ രേഖകൾ സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
സേവനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുകയും അനുമതികൾക്കുള്ള സമയപരിധി 25 ശതമാനം വരെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ബഹ്റൈൻ നാഷണൽ പോർട്ടൽ വഴി ഓൺലൈനായി പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് അഗ്രികൾച്ചർ ആൻഡ് അനിമൽ വെൽത്ത് അഫയേഴ്സ് അണ്ടർസെക്രട്ടറി ആസിം അബ്ദുൽ ലത്തീഫ് അബ്ദുള്ള അറിയിച്ചു. നാഷണൽ പോർട്ടലിലൂടെ അപേക്ഷ ലഭിച്ചാലുടൻ ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി ഇലക്ട്രോണിക് പെർമിറ്റ് അനുവദിക്കും.
്ിു്ിു

