അധ്യാപക ദിനാഘോഷം: അദ്ധ്യാപക സമൂഹത്തെ ആദരിച്ച് ബഹ്‌റൈൻ ന്യൂ ഹൊറൈസൺ സ്കൂൾ
പ്രദീപ് പുറവങ്കര
ജന്നൂസാൻ: ബഹ്‌റൈൻ ന്യൂ ഹൊറൈസൺ സ്കൂളിലെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷം 'എഡ്യൂക്കേറ്റേഴ്‌സ് ഡേ 2026' (Educators’ Day 2026) സംഘടിപ്പിച്ചു. സ്കൂളിന്റെ വളർച്ചയ്ക്കും വിദ്യാർത്ഥികളുടെ ഭാവിക്കും വേണ്ടി അധ്യാപകർ നൽകുന്ന നിസീമമായ സേവനങ്ങളെയും സമർപ്പണത്തെയും ആദരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, വന്ദന സതീഷ്, നിഷ രാജേഷ്, ഡോ. മോണിക മാഥൂർ, ജൂനിയർ പ്രിൻസിപ്പൽ നിർമ്മല ആഞ്ചലോസ് എന്നിവരടങ്ങുന്ന സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ പ്രധാന സ്പോൺസർമാരായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജിയണൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ് ഹംദാനും ചടങ്ങിൽ സംബന്ധിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകർക്കായി വടംവലി, കപ്പ് സ്റ്റാക്കിംഗ്, ചിക്പി ചലഞ്ച്, ബലൂൺ പോപ്പിംഗ്, ന്യൂസ് പേപ്പർ റൺവേ, ഹൂലാഹൂപ്പ്, ഇമോജി ഡി കോഡർ തുടങ്ങിയ രസകരമായ മത്സരങ്ങളും അധ്യാപകരുടെ ഡാൻസ് മത്സരവും സംഘടിപ്പിച്ചു. കൂടാതെ സ്റ്റുഡന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡാൻസ്, പ്രത്യേക വീഡിയോ പ്രദർശനം, സ്കൂൾ ഓർക്കസ്ട്ര അവതരിപ്പിച്ച തത്സമയ സംഗീത വിരുന്ന് എന്നിവ പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.
നിവിതാ ജോയ്, ജെനിഫർ പെരേര എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഡോ. ഗൗസല്യ ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പി.ടി.എ ടീമിന്റെ കഠിനാധ്വാനമാണ് പരിപാടിയെ വൻ വിജയമാക്കിയത്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള ദൃഢമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ കൂട്ടായ്മ ഉപകരിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.
#BahrainNews #NewHorizonSchool #EducatorsDay #4PMNews

