പ്രശസ്ത ബഹ്റൈനി ആർട്ടിസ്റ്റ് ബൽഖീസ് ഫഖ്റോ അന്തരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ആധുനിക ദൃശ്യകലാ പ്രസ്ഥാനത്തിന്റെ മുൻനിര വക്താവും പ്രശസ്ത ആർട്ടിസ്റ്റുമായ ബൽഖീസ് ഫഖ്റോ (76) ശനിയാഴ്ച അന്തരിച്ചു. അഞ്ച് പതിറ്റാണ്ടോളം നീണ്ട സജീവ കലാജീവിതത്തിന് ഉടമയായ ബൽഖീസ്, ബഹ്റൈന്റെ സാംസ്കാരിക ലോകത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്.
ലെബനനിൽ നിന്ന് തത്ത്വശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് തിരിഞ്ഞ ബൽഖീസ്, അവിടെനിന്ന് ചിത്രകലയിലും കലാ ചരിത്രത്തിലും (Art History) ഉന്നത വിദ്യാഭ്യാസം നേടി 1975-ലാണ് ബിരുദം പൂർത്തിയാക്കിയത്. അതേവർഷം ബഹ്റൈനിലേക്ക് മടങ്ങിയെത്തിയ അവർ, രാജ്യത്ത് ദൃശ്യകലാ പ്രസ്ഥാനം ശക്തി പ്രാപിച്ചുവന്ന ഘട്ടത്തിൽ അതിന് ശക്തമായ നേതൃത്വം നൽകി.
ചിത്രരചന, കലാനിരൂപണം, അധ്യാപനം, ഗവേഷണം എന്നിവ കോർത്തിണക്കിയതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. 'വിഷ്വൽ മ്യൂസിക്' (Visual Music) എന്ന് അവർ തന്നെ വിശേഷിപ്പിച്ചിരുന്ന ആബ്സ്ട്രാക്റ്റ് (അമൂർത്ത) ശൈലിയിലുള്ള ചിത്രങ്ങൾ ബഹ്റൈന് പുറമെ ഡമാസ്കസ്, കൈറോ, മാഡ്രിഡ്, ബോൺ, ഇസ്താംബുൾ, ന്യൂയോർക്ക് തുടങ്ങിയ അന്താരാഷ്ട്ര വേദികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
കുവൈറ്റ് ബിനാലെയിലെ 'ഗോൾഡൻ പാം' അവാർഡ്, ബഹ്റൈൻ വാർഷിക ഫൈൻ ആർട്സ് എക്സിബിഷനിലെ 'അൽ-ദാന' അവാർഡ് ഉൾപ്പെടെ നിരവധി പ്രമുഖ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബഹ്റൈൻ സർവ്വകലാശാലയിൽ ഫൈൻ ആർട്സ് പ്രൊഫസറായും സേവനമനുഷ്ഠിച്ച ബൽഖീസ് ഫഖ്റോ, രാജ്യത്തെ യുവതലമുറയിലെ കലാകാരന്മാർക്ക് വലിയ പ്രചോദനമായിരുന്നു.
ddsadsadsdsa

