മലേഷ്യയിൽ ചരിത്രം കുറിച്ച് ബഹ്‌റൈൻ ഗ്രാന്റ് പ്രീ : സെപാംഗ് ട്രാക്കിൽ ആവേശം വിതറി എഫ്1 മാമാങ്കം
പ്രദീപ് പുറവങ്കര
മനാമ : ആവേശത്തിന്റെ കൊടുമുടി കയറി ഫോർമുല വൺ റേസിംഗ് പ്രേമികൾ. ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാന്റ് പ്രി 2026ന് മലേഷ്യയിലെ പ്രശസ്തമായ സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിൽ വർണാഭമായ തുടക്കം. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ മോട്ടോർ റേസിംഗ് മാമാങ്കത്തിന്റെ ആദ്യ ദിനത്തിൽ, കടുത്ത ചൂടും ഈർപ്പവും ഗതാഗതക്കുരുക്കും അവഗണിച്ച് പതിനായിരക്കണക്കിന് ആരാധകരാണ് പ്രിയ താരങ്ങളുടെ മിന്നൽ പ്രകടനം നേരിട്ടുകാണാൻ ട്രാക്കിലേക്ക് ഒഴുകിയെത്തിയത്.
ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സെപാംഗ് സർക്യൂട്ട് നേരിട്ടുസന്ദർശിച്ച് മത്സരാർത്ഥികളായ മുൻനിര എഫ്1 ഡ്രൈവർമാരുമായും സംഘാടകരുമായും കൂടിക്കാഴ്ച നടത്തി. റേസിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം, മാതൃരാജ്യത്തുനിന്നും 6,000ത്തിലധികം കിലോമീറ്റർ അകലെ ഇത്രയും വിപുലമായ ഒരു അന്താരാഷ്ട്ര ഇവന്റ് വിജയകരമായി സംഘടിപ്പിച്ച ബഹ്‌റൈനി മാർഷലുകളെയും സംഘാടകരെയും നേരിട്ട് അഭിനന്ദിച്ചു.
ഏതൊരു വെല്ലുവിളിയെയും അതിജീവിച്ച് വിജയം കൈവരിക്കാനുള്ള 'ടീം ബഹ്‌റൈന്റെ' കഴിവ് രാജ്യത്തിന് ഏറെ അഭിമാനകരമാണെന്ന് കിരീടാവകാശി വ്യക്തമാക്കി. ബഹ്‌റൈനിലെ ജനങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും, അവരുടെ സജീവ പങ്കാളിത്തവും പ്രതിബദ്ധതയും ഹിസ് മജസ്റ്റി ഹമദ് രാജാവിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിന് അനുബന്ധമായി ഒരുക്കിയിട്ടുള്ള 'ബഹ്‌റൈൻ വില്ലേജ്' അടക്കമുള്ള പ്രദർശന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ചു. ബഹ്‌റൈന്റെ പാരമ്പര്യവും സംസ്കാരവും വിനോദസഞ്ചാര മേഖലയിലെ സാധ്യതകളും മലേഷ്യയിൽ പരിചയപ്പെടുത്തുന്നതാണ് ഈ പവലിയൻ. ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങൾ, മലേഷ്യയിലെ ബഹ്‌റൈൻ എംബസി, മുംതലകാത്, ബെറ്റൽ കോ, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (BIC), ബിയോൺ തുടങ്ങിയ എല്ലാ പങ്കാളിത്ത സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
മേഖലയിലും ആഗോളതലത്തിലും നിലനിന്നിരുന്ന പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് മത്സരങ്ങൾ താൽക്കാലികമായി മാറ്റിവെക്കേണ്ടി വന്നതും തുടർന്ന് മലേഷ്യയിലേക്ക് വേദി മാറ്റിയതും. വിദേശമണ്ണിൽ അരങ്ങേറുന്ന ഈ ടൂർണമെന്റ് ബഹ്‌റൈന്റെ കായിക സംഘാടന ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാണ്.
#BahrainGP2026 #F1Malaysia #TeamBahrain #4PMNews
csvvsddsdsds

