അനധികൃത മദ്യശേഖരം: മുൻകൂർ ജാമ്യം തേടി ലില്ലി ജോസ്; അന്വേഷണം ശക്തമാക്കി എക്സൈസ്
ഷീബ വിജയൻ
വയനാട്ടിൽ ആന്റോ അഗസ്റ്റിന്റെ വസതിയിൽ നിന്ന് വൻതോതിൽ അനധികൃത മദ്യശേഖരം കണ്ടെടുത്ത സംഭവത്തിൽ അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കൽപ്പറ്റ കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. ഹർജി ഒക്ടോബർ ഏഴിന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസമാണ് ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ എക്സൈസ് പരിശോധന നടത്തുകയും 67 ലിറ്റർ മദ്യം പിടിച്ചെടുക്കുകയും ചെയ്തത്. എന്നാൽ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും നൽകിയ വിശദീകരണത്തിൽ ഈ വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു.
2022-ൽ ജപ്തി നടപടികളിലായിരുന്ന ഈ വീട് ഭാര്യാമാതാവായ ലില്ലി ജോസ് വിലയ്ക്കു വാങ്ങിയതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതോടെയാണ് എക്സൈസ് അന്വേഷണം ലില്ലി ജോസിലേക്ക് നീണ്ടത്. തുടർന്ന് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് കൈമാറാനായി ഉദ്യോഗസ്ഥർ ലില്ലിയുടെ ബത്തേരി കോളിയാടുള്ള വസതിയിലെത്തിയെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെയാണ് അവർക്കായുള്ള തിരച്ചിൽ എക്സൈസ് ഊർജിതമാക്കിയത്.
asassasasa

