ഹോപ്പിന്റെ കനിവിൽ അനിലിന് മടക്കയാത്ര; എട്ട് വർഷത്തെ ദുരിതങ്ങൾക്കൊടുവിൽ തിരുവനന്തപുരം സ്വദേശി നാട്ടിലെത്തി


പ്രദീപ് പുറവങ്കര

മനാമ: ഹോപ്പ് ബഹ്‌‌റൈന്റെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ എട്ട് വർഷത്തെ പ്രവാസ ജീവിതത്തിനും നിയമക്കുരുക്കുകൾക്കും വിരാമമിട്ട് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അനിൽ കുമാർ സുരക്ഷിതമായി നാട്ടിലെത്തി. വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകളും മറ്റ് നിയമ പ്രശ്നങ്ങളും കാരണമാണ് അനിൽ കുമാറിന് വർഷങ്ങളായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്നത്.

ഇതിനിടയിൽ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായ ഇദ്ദേഹം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. നാട്ടിലെത്തി തുടർച്ചികിത്സ ലഭ്യമാക്കേണ്ടത് ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയതോടെയാണ് ഹോപ്പ് പ്രവർത്തകർ ഇദ്ദേഹത്തിന് സഹായഹസ്തവുമായി മുന്നോട്ടുവന്നത്.

വിഷയം അടിയന്തരമായി ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയ സംഘടന, എംബസിയുടെ സഹകരണത്തോടെ എമിഗ്രേഷൻ ക്ലിയറൻസ് നേടാനാവശ്യമായ ഭീമമായ ഫൈൻ തുക അടച്ചുതീർത്തു. ഇതോടൊപ്പം അനിൽ കുമാറിന് ആവശ്യമായ മുൻഗണനാ ചികിത്സകളും മരുന്നുകളും ഈ കാലയളവിൽ എത്തിച്ചുനൽകി. നിയമനടപടികൾ പൂർത്തിയായതോടെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും നൽകിയാണ് ഹോപ്പ് പ്രവർത്തകർ അദ്ദേഹത്തെ യാത്രയാക്കിയത്.

ഹോപ്പ് ഭാരവാഹികളായ ഷാജി മൂതല, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

article-image

asdffs

You might also like

  • Lulu Exchange
  • Straight Forward

Most Viewed