ക്വാലാലംപൂരിലേയ്ക്ക് നേരിട്ട് പറന്ന് ഗൾഫ് എയർ: ബഹ്‌റൈൻ - മലേഷ്യ വിമാന സർവീസിന് തുടക്കം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഔദ്യോഗികമായി ആരംഭിച്ചു. ബഹ്‌റൈനും മലേഷ്യയ്ക്കും ഇടയിൽ പുതിയ വ്യോമബന്ധം സ്ഥാപിക്കുന്നതോടൊപ്പം, അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഗൾഫ് എയറിന്റെ ഈ പുതിയ നീക്കം.
ബഹ്‌റൈനെ പ്രമുഖ ആഗോള വിപണികളുമായി ബന്ധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം, വാണിജ്യം, സാംസ്‌കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കാനും ഈ സർവീസ് ഏറെ സഹായകരമാകും. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൂലാലംപൂരിലേക്ക് നേരിട്ടുള്ള യാത്ര ഉറപ്പാക്കുന്നതിലൂടെ ഏഷ്യൻ മേഖലയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് ഗൾഫ് എയർ.
പുതിയ സർവീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് തഖി, ബഹ്‌റൈനിലെ മലേഷ്യൻ അംബാസഡർ എച്ച്.ഇ. ദാതോ ശാസ്രിൽ സഹീറാൻ, വ്യോമയാന മേഖലയിലെ പ്രമുഖർ എന്നിവരെ സ്വീകരിച്ചു.
ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ആദ്യ വിമാനത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മലേഷ്യൻ ഗതാഗത ഉപമന്ത്രി ദാതുക് ഹാജി ഹസ്ബി ബിൻ ഹാജി ഹബീബുള്ള, മലേഷ്യയിലെ ബഹ്‌റൈൻ അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മാനിയ, ഗൾഫ് എയർ ഉന്നതതല സംഘം, വിമാനത്താവള അധികൃതർ, മാധ്യമപ്രവർത്തകർ എന്നിവർ ചേർന്നാണ് വിമാനത്തെയും യാത്രക്കാരെയും വരവേറ്റത്.
ഈ വാരാന്ത്യത്തിൽ മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന 'ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ 2026' പോരാട്ടങ്ങൾക്ക് തൊട്ടുമുമ്പാണ് ഈ ചരിത്രപരമായ സർവീസ് ആരംഭിച്ചിരിക്കുന്നത്. ഫോർമുല വണ്ണിന്റെ പ്രധാന സ്പോൺസർ എന്ന നിലയിൽ, ലോകമെമ്പാടുമുള്ള കാണികളെയും കായികപ്രേമികളെയും ഈ വൻകിട കായിക മാമാങ്കത്തിലേക്ക് എത്തിക്കുന്നതിൽ ഗൾഫ് എയർ നിർണായക പങ്കാണ് വഹിക്കുന്നത്.
adsdsds

