ബി.കെ.എസ് മലയാളം മിഷൻ പ്രവേശനോത്സവം മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. 'ശ്രാവണം 2026' ആഘോഷങ്ങളുടെ ഭാഗമായി ബി.കെ.എസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി മലയാളികളുടെ ഇടയിൽ മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. പ്രവാസി സമൂഹത്തിൽ മലയാള ഭാഷയും സംസ്കാരവും നിലനിർത്തുന്നതിന് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാജം പ്രസിഡന്റും മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റുമായ പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ബഹ്‌റൈനിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം പി. വി. രാധാകൃഷ്ണപിള്ള മന്ത്രിക്ക് കൈമാറി. നിവേദനത്തിലെ വിഷയങ്ങളിൽ പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ചടങ്ങിൽ മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. 'സുഗതാഞ്ജലി' മത്സരത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയ സമാജം പാഠശാലയിലെ പഠിതാക്കളായ അർജുൻ രാജ്, ഇഷ ആഷിക് എന്നിവരെയും ഭാഷാ പ്രതിജ്ഞ മത്സരത്തിൽ ആഗോള വിജയിയായ അധ്യാപിക പ്രവീണ വിമലിനെയും ചടങ്ങിൽ ആദരിച്ചു.
സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, മലയാളം മിഷൻ പാഠശാല പ്രിൻസിപ്പൽ ഇൻ-ചാർജ് രജിത അനി, കൺവീനർ സുനേഷ് സാസ്കോ തുടങ്ങിയവരും പ്രവേശനോത്സവത്തിൽ സംബന്ധിച്ചു.
cxvxcv

