ഫോർമുല വൺ 'ബഹ്‌റൈൻ ഗ്രാൻഡ് പ്രി ഇൻ മലേഷ്യ 2026': 20 ദിവസത്തെ കൗണ്ട്ഡൗൺ ആരംഭിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര സെർക്യൂട്ടും സെപാങ് ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി ഇൻ മലേഷ്യ 2026' റേസ് വിക്കൻഡിലേക്ക് ഇനി 20 ദിവസത്തെ കാത്തിരിപ്പ് മാത്രം. ഒക്ടോബർ 2 മുതൽ 4 വരെ മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് ചരിത്രപരമായ ഈ പോരാട്ടം നടക്കുന്നത്.
2026-ലെ എഫ്.ഐ.എ ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പിലെ 16-ാം റൗണ്ടായ ഈ മത്സരത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ശനിയാഴ്ച ആരംഭിച്ചു. മത്സരങ്ങൾക്ക് പുറമെ ലോകപ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്നുകളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.
ഒക്ടോബർ 3 ശനിയാഴ്ച ഗ്രാമി നാമനിർദ്ദേശം ലഭിച്ച പ്രശസ്ത ഡി.ജെയും പ്രൊഡ്യൂസറുമായ ആക്സ്വെൽ വേദിയിലെത്തും. ഒക്ടോബർ 4 ഞായറാഴ്ച മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ആഘോഷങ്ങളിൽ പ്രശസ്ത സംഗീതജ്ഞൻ മാർട്ടിൻ ഗാരിക്സ് മുഖ്യ ആകർഷണമാകും. സെപ്റ്റംബർ 8-ന് മുൻപ് ടിക്കറ്റുകൾ വാങ്ങിയവർക്ക് പ്രത്യേക നിരക്കിൽ കോൺസെർട്ട് അപഗ്രേഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
സ്വീഡിഷ് ഹൗസ് മാഫിയയുടെ സഹസ്ഥാപകനായ ആക്സ്വെൽ ഒൻപത് തവണ ലോകത്തിലെ മികച്ച ഡി.ജെമാരുടെ പട്ടികയിൽ ഇടംപിടിച്ച വ്യക്തിയാണ്. അഷർ, മഡോണ തുടങ്ങിയ വമ്പൻ താരങ്ങളുടെ ഹിറ്റ് ഗാനങ്ങളുടെ റീമിക്സുകളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. ഡുവാ ലിപ, എഡ് ഷീരൻ, യു2 തുടങ്ങിയ പ്രമുഖരുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള മാർട്ടിൻ ഗാരിക്സ്, ഒളിംപിക്സ് ഉൾപ്പെടെയുള്ള ലോകോത്തര വേദികളിൽ സംഗീത വിരുന്ന് ഒരുക്കിയിട്ടുള്ള കലാകാരനാണ്.
മത്സരത്തിനുള്ള പരിമിതമായ ടിക്കറ്റുകൾ ബി.ഐ.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bahraingp.com വഴിയും ബി.ഐ.സി ഹോട്ട്‌ലൈൻ നമ്പർ (+973-17450000) വഴിയും ലഭ്യമാണ്.
dfsdf

