വിദ്യാഭ്യാസ മേഖലയിൽ എ.ഐ വരും; യുനെസ്കോ സമ്മേളനത്തിൽ ബഹ്‌റൈൻ നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി


പ്രദീപ് പുറവങ്കര

പാരീസ്: പരമ്പരാഗത ക്ലാസ് മുറി പഠനത്തിന് പകരമാവാതെ, അതിനെ പിന്തുണയ്ക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വിദ്യാഭ്യാസ മേഖലയുടെ പ്രധാന ഭാഗമാക്കാനാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടക്കുന്ന ഡിജിറ്റൽ വാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയും എ.ഐയും സംയോജിപ്പിച്ചുള്ള ബഹ്‌റൈന്റെ അനുഭവങ്ങളും മന്ത്രാലയം നടപ്പിലാക്കിയ വിവിധ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. ഇത്തരം ഡിജിറ്റൽ സംരംഭങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും അധ്യാപക പരിശീലനം ശക്തമാക്കുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾക്കൊപ്പം തന്നെ അതിലെ വെല്ലുവിളികളും അപ്രതീക്ഷിത പാർശ്വഫലങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ ഉപകരണങ്ങളും പരമ്പരാഗത ബോധനരീതികളും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്ന് ഡോ. ജുമ ഊന്നിപ്പറഞ്ഞു. വേഗത്തിലുള്ള സാങ്കേതിക വളർച്ചയ്ക്കിടയിലും എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

സമ്മേളനത്തിനിടെ യുനെസ്കോ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ പ്രൊഫ. ക്യുൻ ചെന്നുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. യുനെസ്കോ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ അവാർഡുമായി ബന്ധപ്പെട്ട സഹകരണവും ഭാവി പരിപാടികളും ചർച്ചയായി. അധ്യാപകർക്ക് എ.ഐ ട്രെയിനിംഗ് നൽകുന്നതിനും മൈക്രോസോഫ്റ്റ് ടെക്നോളജി ഇൻകുബേറ്റർ സ്കൂൾ പ്രോഗ്രാമിൽ ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കുന്നതിനുമായി മൈക്രോസോഫ്റ്റ് പ്രതിനിധികളുമായും അദ്ദേഹം ചർച്ചകൾ നടത്തി.

article-image

sfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed