ബഹ്‌റൈനിൽ ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയിൽ മന്ദഗതി: വെല്ലുവിളികൾ നേരിടാൻ സമഗ്ര പദ്ധതി വേണമെന്ന് നിർദ്ദേശം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിൽ പ്രതീക്ഷിച്ച വർദ്ധനവ് ഉണ്ടാകുന്നില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ ആകെ വാഹനങ്ങളിൽ ഓരോ ആയിരം എണ്ണത്തിലും ഒരു ഇലക്ട്രിക് വാഹനം മാത്രമാണ് നിലവിലുള്ളത്. 2025 അവസാനത്തിലെ കണക്കുകൾ പ്രകാരം ബഹ്‌റൈനിൽ ആകെ നിരത്തിലിറങ്ങിയ 7,94,677 ലൈസൻസുള്ള വാഹനങ്ങളിൽ ഏകദേശം 800 ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണുള്ളത്.
രാജ്യത്ത് ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നുണ്ടെങ്കിലും പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുകയാണ്. ജൂൺ മാസത്തോടെ 10 അൾട്രാ ഫാസ്റ്റ് ചാർജറുകളും 2 സ്ലോ ചാർജറുകളും ഉൾപ്പെടെ 12 ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ ബഹ്‌റൈനിൽ സജ്ജമായിട്ടുണ്ട്. 2025 ഒക്ടോബറിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 5 അൾട്രാ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ തുറന്നിരുന്നു.
വാഹനങ്ങളുടെ ഉയർന്ന വില, റീപ്ലേസ്‌മെന്റ് ബാറ്ററി ചെലവുകൾ, വൻതുക ഇൻഷുറൻസ്, സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നത്. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ദ്ധരുടെ കുറവും വലിയൊരു വെല്ലുവിളിയാണ്.
ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് മാത്രം മുൻഗണന നൽകാതെ ഗതാഗതം, ഊർജ്ജം, നിക്ഷേപം, നിയമനിർമ്മാണം എന്നിവ ഏകോപിപ്പിച്ചുള്ള ദേശീയ പദ്ധതി വേണമെന്ന് പാർലമെന്റിന്റെ ധനകാര്യ സാമ്പത്തിക കാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സല്ലൂം ആവശ്യപ്പെട്ടു. ജനവാസ മേഖലകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്ര പ്രധാന റോഡുകളിലും ചാർജിംഗ് പോയിന്റുകൾ വർദ്ധിപ്പിക്കണമെന്നും സ്വകാര്യ കമ്പനികൾക്ക് ഇതിനായി ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതി പുനരുപയോഗ ഊർജ്ജത്തിൽ നിന്നല്ല ഉത്പാദിപ്പിക്കുന്നതെങ്കിൽ ഇ.വി നിർമ്മാണത്തിന്റെ പാരിസ്ഥിതിക ഗുണം പൂർണ്ണമായി ലഭിക്കില്ലെന്ന് ശൂറാ കൗൺസിൽ സർവീസ് കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് തലാൽ അൽ മന്നായി ചൂണ്ടിക്കാട്ടി. ശൂറാ കൗൺസിൽ അംഗീകരിച്ച് പാർലമെന്റിന്റെ പരിഗണനയിലുള്ള പുതിയ പുനരുപയോഗ ഊർജ്ജ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ചാർജിംഗ് പോയിന്റുകൾക്കും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വരും.
നിയമനിർമ്മാണങ്ങളും ചാർജിംഗ് സ്റ്റേഷനുകളും വർദ്ധിക്കുന്നുണ്ടെങ്കിലും വരും വർഷങ്ങളിൽ ബഹ്‌റൈൻ പൂർണ്ണമായി ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്ക് മാറാൻ കൂടുതൽ അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണെന്നാണ് വിലയിരുത്തൽ.
sdfdsf

