ഐ.സി.എഫ് മീലാദ് ക്യാമ്പയിൻ: മദ്ഹു റസൂൽ സമ്മേളനങ്ങൾ പൂർത്തിയായി; 'സ്‌നേഹമായ്, ആർദ്രമായ്' പുസ്തകം പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: പ്രവാചകർ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള മദ്ഹു റസൂൽ സമ്മേളനങ്ങൾ സമാപിച്ചു. ബഹ്റൈനിലെ 13 കേന്ദ്രങ്ങളിലായി നടന്ന പരിപാടികൾക്ക് ഉജ്വല സമാപനമാണ് ലഭിച്ചത്. 'ഖൽബിലുണ്ട് എന്റെ നബി (സ)' എന്ന പ്രമേയത്തിൽ മനാമ കെ.എം.സി.സി ഹാളിൽ നടന്ന ഐ.സി.എഫ് മനാമ റീജിയൻ കമ്മിറ്റിയുടെ സമാപന സമ്മേളനത്തിൽ വൻ ജനപങ്കാളിത്തം അനുഭവപ്പെട്ടു.
ഐ.സി.എഫ് മനാമ റീജിയൻ പ്രസിഡന്റ് അബ്ദു റഹീം സഖാഫി അത്തിപ്പറ്റയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ പി. സുരേന്ദ്രൻ രചിച്ച് ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ പ്രസിദ്ധീകരിച്ച പ്രവാചക ജീവിതത്തെക്കുറിച്ചുള്ള ‘സ്‌നേഹമായ്, ആർദ്രമായ്’ എന്ന പുസ്തകത്തിന്റെ ബഹ്റൈൻ നാഷണൽ തല പ്രകാശനം ശൈഖ് മുഹ്സിൻ മുഹമ്മദ് മദനി നിർവ്വഹിച്ചു. ചടങ്ങിൽ സാമൂഹിക സേവന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ 10 പ്രവർത്തകരെ ആദരിച്ചു.
സമ്മേളനങ്ങളിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി.പി.എ തങ്ങൾ ആട്ടിരി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.സി അബ്ദുൽ കരീം, ശമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി തുടങ്ങി ഐ.സി.എഫ് നാഷണൽ നേതാക്കളും സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു. സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മൗലിദ് പാരായണം, സ്നേഹസംഗമം, മീലാദ് ഫെസ്റ്റ്, മദീന ഗാലറി, മിഡ്നൈറ്റ് ബ്ലൂം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
dscxzsdssa
dsdsdsds

