അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം; യു.എ.ഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: സുരക്ഷാ കേസുകളിൽ ഉൾപ്പെട്ടവരെയടക്കം യു.എ.ഇ അതിർത്തി വഴി നിയമവിരുദ്ധമായി കടത്താനുള്ള ക്രിമിനൽ ഗൂഢാലോചനയെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. കള്ളക്കടത്ത് ശ്രമം തകർക്കുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്ത യു.എ.ഇ സുരക്ഷാ ഏജൻസികളുടെ സമയബന്ധിതമായ നടപടിയെ മന്ത്രാലയം അഭിനന്ദിച്ചു.
യു.എ.ഇയുടെ പരമാധികാരവും അതിർത്തികളും സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമായി കൈക്കൊള്ളുന്ന എല്ലാ സുരക്ഷാ-നിയമ നടപടികൾക്കും ബഹ്‌റൈൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഒന്നാണെന്ന തത്വം മുൻനിർത്തിയാണ് ബഹ്‌റൈന്റെ ഈ നിലപാട്.
ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള സഹോദരബന്ധം എടുത്തുപറഞ്ഞ വിദേശകാര്യ മന്ത്രാലയം, യു.എ.ഇക്കും ജനങ്ങൾക്കും കൂടുതൽ സുരക്ഷയും പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
zcczcc

