ഈസ ടൗണിലെ ലെബനൻ ട്രേഡ് സെന്റർ പുതിയ സെൻട്രൽ മാർക്കറ്റാകുന്നു: 60 സ്റ്റാളുകൾ ഒരുക്കാൻ ശുപാർശ


പ്രദീപ് പുറവങ്കര

ഈസ ടൗൺ: ഈസ ടൗണിൽ മുൻപ് പ്രവർത്തിച്ചിരുന്ന പ്രശസ്തമായ ലെബനൻ ട്രേഡ് സെന്റർ സമുച്ചയം തദ്ദേശീയരായ ചെറുകിട വ്യാപാരികൾക്കായി 60 സ്റ്റാളുകളുള്ള സെൻട്രൽ മാർക്കറ്റാക്കി മാറ്റാൻ പദ്ധതി. തെക്കൻ നഗരസഭാ കൗൺസിൽ അംഗം മുബാറക് ഫറജ് സമർപ്പിച്ച നിർദ്ദേശത്തിൽ നിക്ഷേപകർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ കെട്ടിട നിർമ്മാണം ഒഴിവാക്കി, നിലവിലുള്ള കെട്ടിടത്തിലെ വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് വൻ ചെലവ് ചുരുക്കലിന് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മത്സ്യ വ്യാപാരികൾക്ക് 20 സ്റ്റാളുകളും പഴം-പച്ചക്കറി വിപണിക്ക് 20 സ്റ്റാളുകളും പദ്ധതിയിലൂടെ ലഭിക്കും. കൂടാതെ മാംസം, കോഴ ഇറച്ചി എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും സജ്ജീകരിക്കും. വൻകിട ബിസിനസുകളോട് മത്സരിക്കാൻ കഴിയാത്തതും ഉയർന്ന കടവാടക താങ്ങാനാവാത്തതുമായ പ്രാദേശിക ചെറുകിട കച്ചവടക്കാർക്ക് മിതമായ നിരക്കിൽ സ്റ്റാളുകൾ നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

വാടക കുടിശ്ശികയെത്തുടർന്ന് കോടതി ഉത്തരവുപ്രകാരം 2024 ജൂണിൽ പൂർണ്ണമായി ഒഴിയേണ്ടി വന്ന ഈ മന്ദിരം 2022 നവംബർ മുതൽ അടഞ്ഞുകിടക്കുകയായിരുന്നു. നിലവിൽ ഇവിടെയുള്ള ‘മഖാസീസ്‌’ ഫ്ലീ മാർക്കറ്റ് ഒരു പൂർണ്ണ സെൻട്രൽ മാർക്കറ്റല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പുതിയ ആശയം മുന്നോട്ടുവെച്ചത്. ഈസ ടൗണിലെ നിവാസികൾക്കും ചെറുകിട വ്യാപാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതിക്ക് കൗൺസിൽ യോഗത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

article-image

sesfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed