വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 'കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം'; വീടുകളിലെ ബാറ്ററി സ്റ്റോറേജിന് സബ്സിഡിയും പരിഗണനയിൽ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കാൻ ആലോചിക്കുന്നതായി വൈദ്യുതിമന്ത്രി സണ്ണി ജോസഫ് അറിയിച്ചു. പുരപ്പുറ സോളാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സോളാർ വൈദ്യുതി സംഭരിക്കാൻ സ്വന്തമായി സൗകര്യമൊരുക്കുന്ന ഉപഭോക്താക്കൾക്ക് സബ്സിഡി നൽകാനും പദ്ധതിയുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ചതടക്കം വിവിധ കാരണങ്ങളാൽ പ്രതിദിന ഉപഭോഗത്തിൽ 1000 മെഗാവാട്ടിന്റെ വർധനവുണ്ടായിട്ടുണ്ടെന്നും, കൽക്കരി ക്ഷാമം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒന്നാകെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് നിലവിൽ കേരളം ഉൽപ്പാദിപ്പിക്കുന്നത്. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിലെ തടസ്സങ്ങൾ തിരിച്ചടിയാകുന്നുണ്ടെങ്കിലും പ്രശ്നപരിഹാരത്തിനായി കേന്ദ്രമന്ത്രിമാരുമായും മറ്റ് ഏജൻസികളുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

