വർഗീയ വിദ്വേഷ പ്രസംഗങ്ങൾക്ക് 2 വർഷം തടവും 10,000 ദീനാർ പിഴയും: ശക്തമായ നിയമ നിർമ്മാണത്തിനൊരുങ്ങി ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് സഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും തകർക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രസംഗങ്ങൾക്കും പ്രവർത്തനങ്ങൾക്കും കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്ലുമായി ബഹ്റൈൻ സർക്കാർ. ഏഴ് ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കും. കുറ്റക്കാർക്ക് രണ്ട് വർഷം വരെ തടവും 10,000 ബഹ്റൈനി ദീനാർ വരെ പിഴയും ചുമത്താൻ ബില്ലിൽ ശുപാർശ ചെയ്യുന്നു. 2025-ലെ 67-ാം നമ്പർ ഡിക്രിക്ക് അനുബന്ധമായാണ് പുതിയ നിയമ നിർമ്മാണം.
സാമൂഹിക ഐക്യം, സഹവർത്തിത്വം, സഹിഷ്ണുത എന്നിവയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളെ നിയമത്തിൽ കൃത്യമായി നിർവ്വചിക്കുന്നുണ്ട്. വർഗീയത, ലഹള, അക്രമം, അസഹിഷ്ണുത, അല്ലെങ്കിൽ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ഇടയിൽ വിവേചനം സൃഷ്ടിക്കുന്ന തരത്തിലുള്ള ഏത് ഭാഷയും പ്രകടനവും വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരും. പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾ എന്നിവ വഴി നടത്തുന്ന പ്രസംഗങ്ങൾ, എഴുത്തുകൾ, ചിത്രങ്ങൾ, ഗാനങ്ങൾ, അഭിനയം, സൂചനകൾ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്.
വ്യക്തികൾക്ക് പുറമെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും. ഒരു കമ്പനിയുടെ പേരിൽ ഇത്തരം നിയമലംഘനം നടത്തിയാൽ 5,000 മുതൽ 20,000 ദീനാർ വരെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്താം. ഡയറക്ടർ ബോർഡ് അംഗങ്ങൾ, മാനേജർമാർ അല്ലെങ്കിൽ ചുമതലപ്പെട്ട വ്യക്തികളുടെ വീഴ്ചയോ അനധികൃത ഇടപെടലോ മൂലം കുറ്റകൃത്യം നടക്കുകയാണെങ്കിൽ കമ്പനിയും ഉത്തരവാദിയാകും.
അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി സഹിഷ്ണുതയെയും സഹവർത്തിത്വത്തെയും ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്ന് ബില്ലിലെ ആറാം ആർട്ടിക്കിൾ വ്യക്തമാക്കുന്നു. സമാധാന സഹവർത്തിത്വവും ബോധവൽക്കരണവും ലക്ഷ്യമിട്ട് കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസ്, മറ്റ് സർക്കാർ-ഇതര ഏജൻസികളുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും ബില്ലിൽ പറയുന്നു.
aefdfdfdf

