ഐഫോൺ നിരയിൽ വിലവർദ്ധനവ്; ആപ്പിളിന്റെ പുതിയ നയം ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുന്നു
ഷീബ വിജയൻ
ഐഫോൺ 18 പ്രോ സീരീസും, ആദ്യത്തെ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോയും അവതരിപ്പിച്ചതിന് പിന്നാലെ പഴയ മോഡലുകളുടെ വില കുത്തനെ കൂട്ടി ആപ്പിൾ. പുതിയ ഐഫോൺ ലോഞ്ചിന് ശേഷം പഴയ തലമുറ മോഡലുകളുടെ വില കുറയ്ക്കുന്ന പതിവ് രീതിക്ക് വിപരീതമായാണ് കമ്പനിയുടെ ഈ നടപടി. നിരയിൽ പുതിയ സ്റ്റാൻഡേർഡ് മോഡലുകളൊന്നും അവതരിപ്പിക്കാത്തതിനാൽ ഐഫോൺ 17 തന്നെയാണ് ഇപ്പോഴും വിപണിയിലെ ബേസ് മോഡൽ.
ഇന്ത്യയിൽ സ്റ്റാൻഡേർഡ് ഐഫോൺ 17ന്റെ വിലയിൽ 17,000 രൂപയുടെ വൻ വർദ്ധനവാണ് വരുത്തിയത്. മുൻപ് 82,900 രൂപയ്ക്ക് ലഭ്യമായിരുന്ന ഐഫോൺ 17ന്റെ 256 ജിബി വേരിയന്റിന് ഇപ്പോൾ 99,900 രൂപയായി. 512 ജിബി മോഡലിന് 1,24,900 രൂപയാണ് വില. ഐഫോൺ 17ന് പുറമെ ഐഫോൺ 17 ഇ, ഐഫോൺ 16, ഐഫോൺ എയർ എന്നിവയുടെ വിലയും കമ്പനി വർദ്ധിപ്പിച്ചു. ഐഫോൺ 16ന് 20,000 രൂപ വർദ്ധിച്ച് official വെബ്‌സൈറ്റിൽ 89,900 രൂപയിലെത്തി. ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയുടെ നിർമ്മാണം ആപ്പിൾ അവസാനിപ്പിച്ചെങ്കിലും തേർഡ് പാർട്ടി സെല്ലർമാർ വഴി സ്റ്റോക്ക് തീരുന്നതുവരെ ഇവ ലഭ്യമാകും.
മാക്ബുക്കുകൾ, ഐപാഡുകൾ എന്നിവയ്ക്കും മുൻപ് വില കൂട്ടിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വളർച്ച കാരണം ഡാറ്റാ സെന്ററുകൾക്കും എഐ കമ്പനികൾക്കും വൻതോതിൽ മെമ്മറി ആവശ്യമായി വന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. റാം, മെമ്മറി എന്നിവയുടെ ക്ഷാമവും നിർമ്മാണച്ചെലവിലുണ്ടായ വർദ്ധനവുമാണ് വില കൂട്ടാൻ കാരണമായത്. ആൻഡ്രോയിഡ് ഫോൺ വിപണിയിലും സമാനമായ വില വർദ്ധനവ് ദൃശ്യമാകുന്നുണ്ട്.
asasadsas

