ഓൺലൈൻ ചതിക്കുഴികൾ: തുറന്നുപറയാൻ കുട്ടികൾക്ക് ആത്മവിശ്വാസം നൽകണമെന്ന് ബഹ്റൈൻ അഭ്യന്തരമന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ:

ഇന്റർനെറ്റിലെ അപരിചിതരിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളോ ചിത്രങ്ങളോ തുറന്നുപറയുന്ന കുട്ടികളെ ശിക്ഷിക്കുകയോ അവരുടെ ഫോൺ ഉപയോഗം വിലക്കുകയോ ചെയ്യില്ലെന്ന് മാതാപിതാക്കൾ ഉറപ്പുനൽകണമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ. ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ കാര്യം ആവശ്യപ്പെട്ടത്. മൊബൈൽ ഫോണോ ടാബ്‌ലെറ്റോ നൽകുന്നതിന് മുൻപ് തന്നെ, എന്തെങ്കിലും പ്രശ്നമുണ്ടായാൽ ശിക്ഷ ഭയക്കാതെ മാതാപിതാക്കളോട് തുറന്നുപറയാമെന്ന ഉറപ്പ് കുട്ടികൾക്ക് നൽകണം.

ഏതെങ്കിലും ആപ്പുകളിലൂടെയോ ഓൺലൈൻ ഗെയിമുകളിലൂടെയോ പരിചയമില്ലാത്ത ആരുമായും സംസാരിക്കരുതെന്ന് കുട്ടികളോടും അദ്ദേഹം നേരിട്ട് അഭ്യർത്ഥിച്ചു. അപരിചിതർ ബന്ധപ്പെടാൻ ശ്രമിച്ചാൽ മറുപടി നൽകാതെ ആ സന്ദേശങ്ങളുടെയും ചിത്രങ്ങളുടെയും സ്‌ക്രീൻഷോട്ട് എടുത്ത് മാതാപിതാക്കളെ കാണിക്കണം. അമേരിക്കയിൽ ഒരു വ്യാജ അക്കൗണ്ടിലൂടെ അപരിചിതരായ ആളുകളുടെ വലയിൽ വീണുപോയ ഒരു കുട്ടിയുടെ കഥ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതിന്റെ അപകടസാധ്യതകൾ വ്യക്തമാക്കിയത്.

പെൺകുട്ടിയെന്ന വ്യാജേന സന്ദേശങ്ങൾ അയച്ച് വിവരങ്ങൾ ചോർത്തിയെടുത്ത് ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഘങ്ങൾ യഥാർത്ഥത്തിൽ ക്രൂരന്മാരായ കുറ്റവാളികളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അപരിചിതരുടെ കെണിയിൽ വീഴാതെ, അവരുടെ സന്ദേശങ്ങൾ ധൈര്യത്തോടെ മാതാപിതാക്കൾക്ക് മുന്നിലെത്തിക്കുന്ന കുട്ടികളാണ് യഥാർത്ഥ ഹീറോകളെന്നും, മാതാപിതാക്കൾ അവരുടെ സുരക്ഷയ്ക്ക് ഒപ്പമുണ്ടാകണമെന്നും കേണൽ ഡോ. ഒസാമ ബഹാർ കൂട്ടിച്ചേർത്തു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed