വേനൽച്ചൂടിൽ കാറുകളിൽ പെർഫ്യൂം കുപ്പികൾ വെക്കരുത്: മുന്നറിയിപ്പുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: വാഹനങ്ങളിൽ പെർഫ്യൂം കുപ്പികൾ സൂക്ഷിക്കുന്ന ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ കേണൽ ഉസാമ ബഹാർ. നേരിട്ട് വെയിൽ അടിക്കുന്ന രീതിയിൽ ഗ്ലാസ് പെർഫ്യൂം കുപ്പികൾ കാറുകളിൽ വെക്കുന്നത് വൻ തീപിടുത്തത്തിന് കാരണമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകൾക്കുള്ളിലെ താപനില വളരെ വേഗത്തിൽ ഉയരും. പുറത്ത് 35 ഡിഗ്രി സെൽഷ്യസ് ചൂടുള്ളപ്പോൾ വാഹനം നിർത്തിയിട്ടാൽ 15 മുതൽ 30 മിനിറ്റിനുള്ളിൽ ഉള്ളിലെ താപനില 15 ഡിഗ്രി കൂടി ഉയർന്ന് 50 ഡിഗ്രിയിലെത്തും. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ അടച്ചിട്ടാൽ ഇത് 70 ഡിഗ്രി വരെയാകാം. പുറത്തെ താപനില 40 അല്ലെങ്കിൽ 45 ഡിഗ്രി ആയിരിക്കുന്ന ബഹ്‌റൈനിലെ കടുത്ത വേനലിൽ കാറിനുള്ളിലെ ചൂട് ഇതിലും അപകടകരമായ നിലയിലേക്ക് ഉയരും.
ഇരുണ്ട നിറമുള്ള കാറുകൾ കൂടുതൽ ചൂട് ആഗിരണം ചെയ്യുമെന്നതും സീറ്റുകളുടെ സ്വഭാവവും (തുണി അല്ലെങ്കിൽ ലെതർ) താപനില വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പെർഫ്യൂമിന്റെ ഗ്ലാസ് കുപ്പികൾ കോൺവെക്‌സ് ലെൻസ് (Convex lens) പോലെ പ്രവർത്തിക്കുകയും സൂര്യപ്രകാശത്തെ ഒരു കേന്ദ്ര ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇത് പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളിൽ പതിക്കുമ്പോൾ വൻ തീപിടുത്തത്തിന് വഴിവെക്കും.
വേനൽക്കാലത്ത് പെർഫ്യൂം കുപ്പികളോ മറ്റ് ഗ്ലാസ് പാത്രങ്ങളോ പ്രത്യേകിച്ച് ഡാഷ്‌ബോർഡിൽ സൂക്ഷിക്കരുതെന്ന് കേണൽ ബഹാർ നിർദ്ദേശിച്ചു. വിൻഡ്ഷീൽഡിൽ സൺഷെയ്ഡുകൾ ഉപയോഗിക്കുന്നത് പ്രകാശം നേരിട്ട് പതിക്കുന്നതും ചൂട് കൂടുന്നതും തടയാൻ സഹായിക്കും. കൂടാതെ, കടുത്ത ചൂടേൽക്കുന്നത് പെർഫ്യൂമിന്റെ ഗുണനിലവാരവും മണവും നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
dsdsgd

