യമൻ വിദേശകാര്യ മന്ത്രിയുമായി ബഹ്‌റൈൻ കിരീടാവകാശി കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, റിഫ പാലസിൽ വെച്ച് യമൻ വിദേശകാര്യ-പ്രവാസി മന്ത്രി ഡോ. അഫ്ര അൽ-സൂബയുമായി കൂടിക്കാഴ്ച നടത്തി. യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് ഡോ. റഷാദ് മുഹമ്മദ് അൽ-അലിമി, ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി മജ്‌സ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അയച്ച കത്ത് ഡോ. അഫ്ര കിരീടാവകാശിക്ക് കൈമാറി.
ബഹ്‌റൈനും യമനും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ കരുത്തും ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയും പ്രിൻസ് സൽമാൻ യോഗത്തിൽ വ്യക്തമാക്കി. യമനിൽ സുരക്ഷ, സ്ഥിരത, വികസനം, സമാധാനം എന്നിവ ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ബഹ്‌റൈൻ നൽകുന്ന ശക്തമായ പിന്തുണ അദ്ദേഹം ആവർത്തിച്ചു. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ഡോ. അഫ്രയെ കിരീടാവകാശി ആശംസകൾ അറിയിച്ചു.
ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ ന്യായീകരിക്കാനാകാത്ത ആക്രമണങ്ങളെ ഡോ. അഫ്ര യോഗത്തിൽ ശക്തമായി അപലപിച്ചു. ഇത് ജിസിസി രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങൾക്ക് യമന്റെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച അവർ, രാജ്യങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ കിരീടാവകാശി നൽകുന്ന ശ്രദ്ധയ്ക്ക് യമൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.
fdfsdf

