ജിസിസി ജനറൽ സെക്രട്ടറിയുമായി ബഹ്‌റൈൻ കിരീടാവകാശി കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ഹിസ് എക്സലൻസി ജാസിം മുഹമ്മദ് അൽ ബുദൈവിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രിഫാ പാലസിലായിരുന്നു കൂടിക്കാഴ്ച.
ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ ജിസിസിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും സംയുക്ത ഗൾഫ് നീക്കങ്ങൾ ശക്തമാക്കുന്നതിനും ബഹ്‌റൈൻ നൽകുന്ന തുടർച്ചയായ പിന്തുണ കിരീടാവകാശി യോഗത്തിൽ വ്യക്തമാക്കി. ഗൾഫ് ഐക്യത്തിന്റെ പ്രാധാന്യത്തിലും ജിസിസി അംഗരാജ്യങ്ങൾക്കിടയിലുള്ള ഏകോപനവും സഹകരണവും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലും രാജ്യത്തിനുള്ള ഉറച്ച വിശ്വാസം അദ്ദേഹം എടുത്തുപറഞ്ഞു. ജിസിസി നേതാക്കളുടെ കാഴ്ചപ്പാടുകൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമായി കൗൺസിലിനുള്ളിൽ കൂടുതൽ സംയോജനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും പ്രിൻസ് സൽമാൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏപ്രിലിൽ നടന്ന ജിസിസി സുപ്രീം കൗൺസിലിന്റെ അസാധാരണ കൺസൾട്ടേറ്റീവ് ഗൾഫ് ഉച്ചകോടിയിൽ ജിസിസി നേതാക്കൾ എടുത്ത തീരുമാനങ്ങളുടെയും നിർദ്ദേശങ്ങളുടെയും നടപ്പാക്കൽ പുരോഗതി ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി കിരീടാവകാശിയെ ധരിപ്പിച്ചു.
എല്ലാ ജിസിസി അംഗരാജ്യങ്ങളുമായും ബഹ്‌റൈനുള്ള ദീർഘകാല സുദൃഢബന്ധം എടുത്തുപറഞ്ഞ പ്രിൻസ് സൽമാൻ, ഭരണാധികാരികളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്ന രീതിയിൽ കൗൺസിലിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ജനറൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ശക്തമായ സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും സമാധാനത്തിനും സംഭാവന നൽകുമെന്നും, അന്താരാഷ്ട്ര തലത്തിൽ ജിസിസി രാജ്യങ്ങളുടെ സാന്നിധ്യം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ ജിസിസി അംഗരാജ്യങ്ങൾ കാണിക്കുന്ന ഐക്യദാർഢ്യത്തെ പ്രശംസിച്ച അദ്ദേഹം, ബഹുമുഖ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ജിസിസി ജനറൽ സെക്രട്ടേറിയറ്റ് നടത്തുന്ന ശ്രമങ്ങളെയും അഭിനന്ദിച്ചു.
scsdfsf

