അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ പ്രഖ്യാപന സമ്മേളനം നാളെ നടക്കും
പ്രദീപ് പുറവങ്കര
മനാമ: "മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേർ സാക്ഷ്യം" എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ പ്രഖ്യാപന സമ്മേളനം നാളെ (ഓഗസ്റ്റ് 28 വെള്ളിയാഴ്ച) രാത്രി 8 മണിക്ക് സൽമാനിയ കെ സിറ്റി ഹാളിൽ നടക്കും.
മുൻ ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഇസ ജാസിം അൽ മുത്വവ്വ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അൽ ഫുർഖാൻ സെന്റർ ചെയർമാൻ ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് അൽ സഅ്ദി ക്യാമ്പയിൻ പരിപാടികളുടെ പ്രഖ്യാപനം നിർവ്വഹിക്കും. തുടർന്ന് പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ മുഖ്യപ്രഭാഷണവും സലാഹുദ്ദീൻ അയ്യൂബി ചുഴലി സമാപന പ്രഭാഷണവും നടത്തും.
പ്രവാചകന്റെ സ്‌നേഹം, കാരുണ്യം, മാനവികത എന്നിവയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും, പ്രവാചക ജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റി പരസ്പര സൗഹാർദ്ദം വളർത്താനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 28-ന് ആരംഭിക്കുന്ന ക്യാമ്പയിൻ നവംബർ 27-നാണ് സമാപിക്കുക. മൂന്ന് മാസം നീണ്ടുനിൽക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങൾ, പാനൽ ചർച്ചകൾ, വിദ്യാർത്ഥികൾക്കും ടീനേജുകാർക്കുമായുള്ള വിജ്ഞാന-വിനോദ പരിപാടികൾ, വനിതാ സംഗമങ്ങൾ, ക്വിസ് മത്സരങ്ങൾ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, സോഷ്യൽ മീഡിയ പ്രചാരണം എന്നിവ സംഘടിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്കും വാഹന സൗകര്യത്തിനുമായി 38092855, 33102646 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
asdasfas

