അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്: സൈബർ സുരക്ഷാ മുന്നറിയിപ്പുമായി ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ്
പ്രദീപ് പുറവങ്കര
മനാമ: ഔദ്യോഗികമല്ലാത്ത അജ്ഞാത ഉറവിടങ്ങളിൽ നിന്നോ ലിങ്കുകളിൽ നിന്നോ ആപ്ലിക്കേഷനുകളും ഫയലുകളും ഡൗൺലോഡ് ചെയ്യുന്നത് വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനും സൈബർ തട്ടിപ്പുകൾക്കും വഴിതെളിക്കുമെന്ന് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ ക്യാപ്റ്റൻ മനാഫ് അൽ ഖത്താൻ മുന്നറിയിപ്പ് നൽകി.
ആപ്പുകളും പ്രോഗ്രാമുകളും ആപ്പ് സ്റ്റോർ (App Store), ഗൂഗിൾ പ്ലേ (Google Play) തുടങ്ങിയ ഔദ്യോഗികവും വിശ്വസനീയവുമായ പ്ലാറ്റ്‌ഫോമുകളിൽ നിന്നോ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നോ മാത്രം ഡൗൺലോഡ് ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് വെബ്‌സൈറ്റിന്റെ വിലാസം (URL) കൃത്യമായി പരിശോധിക്കണം. അറിയപ്പെടുന്ന വെബ്‌സൈറ്റുകളുടെ പേരുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി നിലവിലുണ്ട്.
വിശ്വസിക്കാൻ കൊള്ളാത്ത ആപ്പുകൾക്ക് ഫോണിലെ ചിത്രങ്ങൾ, കോൺടാക്റ്റുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളിലേക്കോ ഡിവൈസിലേക്കോ പ്രവേശിക്കാനുള്ള അനുമതി (Permissions) നൽകരുത്. ഒരിക്കൽ അനുമതി നൽകിയാൽ, പിന്നീട് സുരക്ഷിതമല്ലാത്ത ആപ്പുകൾക്ക് ഉപഭോക്താവിന്റെ അനുവാദമില്ലാതെ തന്നെ വിവരങ്ങൾ ചോർത്താൻ സാധിക്കുമെന്നും, പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അൽ ഖത്താൻ വ്യക്തമാക്കി.
sdfdsf

