വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസൻസും ഫീസ് പിരിവും പരിശോധിക്കണം: ബഹ്റൈൻ എം.പി ബസീമ മുബാറക്
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസൻസ്, ഫീസ് പിരിവ് രീതികൾ, ബിസിനസ് രജിസ്ട്രേഷനുകളുടെ (സി.ആർ) ഉപയോഗം എന്നിവ സമഗ്രമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗം ബസീമ മുബാറക് രംഗത്ത്. സ്ഥാപനങ്ങൾ നടത്തുന്ന പരിശീലനങ്ങൾ അവയുടെ ലൈസൻസ് നിബന്ധനകൾക്ക് വിധേയമാണോ എന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികളോട് അവർ ആവശ്യപ്പെട്ടു.
ആറാദ്, മുഹറഖ് ഗവർണറേറ്റ് എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളെ ചൂണ്ടിക്കാട്ടിയാണ് എം.പി ഈ ആവശ്യം ഉന്നയിച്ചത്. സ്ഥാപനങ്ങൾ യഥാർത്ഥത്തിൽ നടത്തുന്നത് ആരാണെന്നും, ഫീസ് സ്വീകരിച്ച് രസീതുകൾ നൽകാൻ ചുമതലപ്പെടുത്തിയവർക്ക് അതിനുള്ള നിയമപരമായ അധികാരമുണ്ടോ എന്നും പരിശോധിക്കണം. കൂടാതെ ബഹ്റൈനി പൗരന്മാരുടെ പേരിലുള്ള ബിസിനസ് രജിസ്ട്രേഷനുകൾ (സി.ആർ) മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് അവർ കൂട്ടിച്ചേർത്തു.
ഇതൊരു കുറ്റാരോപണമല്ലെന്നും മറിച്ച് സ്ഥാപനങ്ങൾ പൂർണ്ണമായും നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനാ അഭ്യർത്ഥന മാത്രമാണെന്നും എം.പി വ്യക്തമാക്കി. പരിശോധനകളിൽ നിയമലംഘനം കണ്ടെത്തുന്നപക്ഷം മാത്രം തുടർനടപടികൾ സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
wdeewa

