യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്; ഉഭയകക്ഷി ബന്ധവും പ്രാദേശിക സഹകരണവും ചർച്ച ചെയ്തു
പ്രദീപ് പുറവങ്കര
അബുദാബി: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസാ അൽ ഖലീഫയും യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും കൂടിക്കാഴ്ച നടത്തി. ഹമദ് രാജാവിന്റെ യു.എ.ഇ സന്ദർശനവേളയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണായക ചർച്ച.
സാമ്പത്തിക, വികസന മേഖലകളിലുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സഹകരണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. മധ്യപൂർവേഷ്യയിലെ നിലവിലെ സംഭവവികാസങ്ങൾ, പ്രാദേശിക സുരക്ഷ, മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള സ്ഥിരതയാർന്ന പ്രവർത്തനങ്ങൾ തുടങ്ങിയ പൊതുതാൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
എല്ലാ സാഹചര്യങ്ങളിലും ബഹ്‌റൈന് യു.എ.ഇ നൽകുന്ന ഉറച്ച പിന്തുണയ്ക്ക് ഹമദ് രാജാവ് നന്ദിയും പ്രശംസയും അറിയിച്ചു. വെല്ലുവിളികളെ നേരിടുന്നതിൽ രാജ്യത്തിന്റെ ശേഷിയും ശ്രമങ്ങളും ശക്തിപ്പെടുത്താൻ യു.എ.ഇയുടെ പിന്തുണ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്‌റൈനും യു.എ.ഇയും തമ്മിലുള്ള ദീർഘകാല ബന്ധത്തിൽ ഇരുനേതാക്കളും അഭിമാനം പ്രകടിപ്പിച്ചു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളെ അതിജീവിക്കാനും, സംയുക്ത സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുമുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും വീണ്ടും വ്യക്തമാക്കി.
sdfdsfgds

