സോപാന സംഗീതാർച്ചന യാത്രയ്ക്ക് കൊല്ലൂരിൽ തുടക്കമായി; 30 അംഗ ബഹ്റൈൻ സംഘം പങ്കെടുക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: പ്രവാസലോകത്തെ ഏറ്റവും വലിയ വാദ്യകലാ കൂട്ടായ്മയായ ‘ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം’ സംഘടിപ്പിക്കുന്ന രണ്ടാമത് ‘സോപാന സംഗീത പരിക്രമത്തിന്’ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്രയിൽ ബഹ്‌റൈനിൽ നിന്നുള്ള 30 അംഗ പ്രവാസി ഗായകസംഘമാണ് പങ്കെടുക്കുന്നത്.

കേരളത്തിന്റെ തനതു കലാരൂപമായ സോപാന സംഗീതത്തിന്റെ പ്രചാരണവും പഠനവും ലക്ഷ്യമിട്ടാണ് ഈ സംഗീതാർച്ചന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ 24 പ്രമുഖ ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിപ്പിച്ച ശേഷം ഓഗസ്റ്റ് 14-ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ യാത്ര സമാപിക്കും.

സോപാനം ഗുരു മേളകലാരത്നം സന്തോഷ്‌ കൈലാസിന്റെ ശിക്ഷണത്തിൽ സോപാനസംഗീതവും വാദ്യകലകളും അഭ്യസിച്ച സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന സംഘമാണ് യാത്രയിൽ അണിനിരക്കുന്നത്. സോപാനരത്നം അമ്പലപ്പുഴ വിജയകുമാർ, സന്തോഷ്‌ കൈലാസ്‌ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

പര്യടനത്തിന്റെ ഭാഗമായി സോപാന സംഗീത ശാഖയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ 13 പ്രമുഖ ഗുരുക്കന്മാരെ വിവിധ ക്ഷേത്രങ്ങളിൽ വെച്ച് ആദരിക്കുന്ന ‘ആചാര്യവന്ദനം’ ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 17 വർഷമായി ബഹ്‌റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോപാനം വാദ്യകലാസംഘം ഇതിനോടകം 600-ലധികം ആളുകൾക്ക് വാദ്യകലകളിലും നൂറിലധികം പേർക്ക് സോപാനസംഗീതത്തിലും പരിശീലനം നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ മേളപരിപാടിയായ 'വാദ്യസംഗമ'ത്തിന്റെ സംഘാടകരായ ഈ കൂട്ടായ്മ, വരും വർഷങ്ങളിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും സോപാനസംഗീതവും മേളവുമായി യാത്ര വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

article-image

dsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed