ഷോപ്പിംഗ് മാളിൽ മൂന്ന് വട്ടം കവർച്ച: പ്രതിയുടെ 5 വർഷം തടവ് ശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: ഒരു ദിവസത്തിനിടെ ഷോപ്പിംഗ് മാൾ ഓഫീസിൽ മൂന്ന് തവണ അതിക്രമിച്ചു കയറി കവർച്ച നടത്തുകയും തടയാൻ ശ്രമിച്ച ജീവനക്കാരനെ മാരകായുധം കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ 24-കാരനായ ബഹ്റൈനി പൗരന്റെ അഞ്ച് വർഷത്തെ തടവ് ശിക്ഷ ഹൈ ക്രിമിനൽ കോടതി ശരിവെച്ചു. മുൻപും മോഷണക്കേസിൽ ഒരു വർഷം തടവ് അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി.
രാവിലെ 8 മണിയോടെ മാളിലെ ഓഫീസ് റിസപ്ഷനിൽ അതിക്രമിച്ച് കയറിയ പ്രതി, താക്കോലും ആക്സസ് കാർഡും ഉപയോഗിച്ചാണ് ഉള്ളിൽ കടന്നത്. കമ്പ്യൂട്ടർ മോണിറ്റർ, സ്കാനറുകൾ, ആഡംബര വാച്ച്, സ്മാർട്ട് വാച്ച്, പെൻഡ്രൈവുകൾ എന്നിവ ആദ്യഘട്ടത്തിൽ ഇയാൾ കവർന്നു. ഇത് ചോദ്യം ചെയ്ത 29-കാരനായ ഇന്ത്യൻ ജീവനക്കാരനെ കത്രിക കൊണ്ട് ചെവിയിൽ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരൻ ഇയാളെ പിന്തുടർന്നുവെങ്കിലും ലോഹക്കഷ്ണം കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതോടെ പിൻവാങ്ങേണ്ടി വന്നു. എന്നാൽ, മോഷ്ടിച്ച സാധനങ്ങൾ തൊട്ടടുത്ത കെട്ടിടത്തിൽ ഒളിപ്പിച്ച ശേഷം ഇയാൾ അന്നേ ദിവസം തന്നെ മാളിലേക്ക് തിരിച്ചെത്തി. രണ്ടാമതും മൂന്നാമതും നടത്തിയ കവർച്ചയിൽ പ്ലേസ്റ്റേഷൻ 5 (PS5), രണ്ട് നിന്റെൻഡോ സ്വിച്ച് ഗെയിമിംഗ് കൺസോളുകൾ എന്നിവ മോഷ്ടിച്ചു. ഒടുവിൽ മാൾ മാനേജരും ജീവനക്കാരും ചേർന്ന് ഇയാളെ തിരിച്ചറിയുകയും പോലീസിലേൽപ്പിക്കുകയുമായിരുന്നു.
fgghgh

