ബഹ്‌റൈൻ പാം ഫെസ്റ്റിവലിൽ ഈന്തപ്പഴ വിലയിൽ മാറ്റമില്ല; വിളവെടുപ്പിൽ കുറവ്


പ്രദീപ് പുറവങ്കര

ഹൗറത്ത് ആലിയിലെ ഫാർമേഴ്‌സ് മാർക്കറ്റിൽ ഏഴാമത് ബഹ്‌റൈൻ പാം ഫെസ്റ്റിവലിന് തുടക്കമായി. പ്രാദേശിക കർഷകരും കരകൗശല വിദഗ്ദ്ധരും ബിസിനസുകളും പങ്കടുക്കുന്ന ഈ മൂന്ന് ദിവസത്തെ മേള ശനിയാഴ്ച സമാപിക്കും. മോശം കാലാവസ്ഥ കാരണം ഈ വർഷം വിളവെടുപ്പ് കുറവാണെങ്കിലും, ഈന്തപ്പഴത്തിന്റെ വില മുൻവർഷങ്ങളിലേതുപോലെ മാറ്റമില്ലാതെ തുടരുന്നതായി കർഷകനായ മുഹ്സിൻ ദി ഡെയ്‌ലി ട്രിബ്യൂണിനോട് പറഞ്ഞു.

ഖലാസ്, ബർഹി എന്നീ പ്രീമിയം ഇനം ഈന്തപ്പഴങ്ങൾക്ക് കിലോയ്ക്ക് 1 മുതൽ 2 ബഹ്‌റൈനി ദിനാർ (BD) വരെയും, ഖ്നൈസി, ഖവാജ ഇനങ്ങൾക്ക് 1 മുതൽ 1.5 ബഹ്‌റൈനി ദിനാർ വരെയുമാണ് വില. സീസണിന്റെ തുടക്കത്തിൽ കിലോയ്ക്ക് 4 മുതൽ 5 ബഹ്‌റൈനി ദിനാർ വരെ വിലയുണ്ടായിരുന്ന ഗുറ (Ghurra) ഇനം ഈന്തപ്പഴങ്ങൾക്ക് നിലവിൽ 1 ദിനാറോളമാണ് വില.

പരാഗണ സമയത്തുണ്ടായ ശക്തമായ കാറ്റും അപ്രതീക്ഷിത മഴയും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് ഉത്പാദനത്തെ ബാധിച്ചത്. ഈന്തപ്പനകൾക്ക് മികച്ച വിളവ് ലഭിക്കാൻ ആൺ-പെൺ പൂക്കൾ തമ്മിൽ കൃത്യമായ പരാഗണം അത്യാവശ്യമാണ്. ഈ സമയത്തെ കാലാവസ്ഥ വിളവിനെ കാര്യമായി ബാധിക്കും. ഉത്പാദനം കുറവാണെങ്കിലും മികച്ച ഗുണനിലവാരമുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ ഫെസ്റ്റിവലിൽ എത്തിക്കാൻ കഴിഞ്ഞതായി കർഷകർ വ്യക്തമാക്കി.

ഈന്തപ്പഴങ്ങൾക്ക് പുറമെ ബഹ്‌റൈന്റെ പരമ്പരാഗത കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും മേളയിലുണ്ട്. ഈന്തപ്പനയോലകൾ ഉപയോഗിച്ച് നിർമ്മിച്ച കൊട്ടകൾ, കയറുകൾ, ഫർണിച്ചറുകൾ, മീൻപിടുത്ത വലകൾ എന്നിവയും പ്രസിദ്ധമായ ആലി കളിമൺ പാത്രങ്ങളും മേളയിൽ ലഭ്യമാണ്. ബഹ്‌റൈനി കർഷകരെ പിന്തുണയ്ക്കാനും പാരമ്പര്യവും സംസ്കാരവും ആഘോഷിക്കാനുമായാണ് ഈ മേള സംഘടിപ്പിക്കുന്നത്.

article-image

fghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed