മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർക്ക് വൻ തിരിച്ചടി; വിചാരണ ഉടൻ!
ഷീബ വിജയൻ
മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ വിചാരണ നടപടികൾ തടയണമെന്ന പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് നിരസിച്ചത്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നും ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വയനാട് മുട്ടിൽ നിന്ന് മുറിച്ചുകടത്തിയ ഈട്ട തടികൾക്ക് നിയമപരമായ രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 1.40 കോടി രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. കേസ് നിലവിൽ കൽപ്പറ്റ കോടതിയുടെ പരിഗണനയിലുള്ളതിനാൽ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ റദ്ദാക്കണമെന്നായിരുന്നു അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം. എന്നാൽ ഈ വാദം തള്ളിയ കോടതി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. കൃത്യമായ രേഖകളില്ലാതെ തനിക്ക് മരം വിറ്റെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസെടുത്തത്. കേസിൽ റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി, ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കേസിൽ തീരുമാനമാകുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി മജിസ്‌ട്രേറ്റ് കോടതി മുൻപ് തള്ളിയിരുന്നു.
vcdsddffd

