ഇമിഗ്രേഷൻ പരിശോധനയില്ലാതെ വിദേശികൾ കടന്നു: എയർ ഇന്ത്യ സിഇഒയെ വിളിച്ചുവരുത്തി കേന്ദ്രം


ഷീബ വിജയൻ

ഡൽഹി വിമാനത്താവളത്തിൽ മൂന്ന് വിദേശ പൗരന്മാർ നിർബന്ധിത ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാതെ ഇന്ത്യ വിട്ട സംഭവത്തിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു. എയർ ഇന്ത്യ സിഇഒയെ വിളിച്ചുവരുത്തി വിശദീകരണം തേടിയ കേന്ദ്ര സർക്കാർ, സിവിൽ ഏവിയേഷൻ മന്ത്രാലയം വഴി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സെപ്റ്റംബർ നാലിനാണ് സംഭവം നടന്നത്. അമൃത്സറിൽ നിന്ന് എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനത്തിൽ ഡൽഹിയിലെത്തിയ മൂന്ന് വിദേശ പൗരന്മാരാണ് പിന്നീട് ആവശ്യമായ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാതെ അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്തത്.

ഡൽഹിയിൽ നിന്ന് മ്യൂണിക്കിലേക്ക് പോകുന്ന ലുഫ്താന്സ വിമാനത്തിലാണ് ഇവർ കയറിയത്. എന്നാൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാർ നിർബന്ധമായും പൂർത്തിയാക്കേണ്ട ഡിപ്പാർച്ചർ ഇമിഗ്രേഷൻ ക്ലിയറൻസ് ഇവർ നേടിയിരുന്നില്ല എന്നാണ് അധികൃതരുടെ കണ്ടെത്തൽ. അമൃത്സറിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാർക്ക് തുടർയാത്രയ്ക്കുള്ള ബോർഡിങ് പാസ് നൽകിയിരുന്നു. എന്നാൽ ഡൽഹി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പരിശോധനയ്ക്കായി പോകുന്നതിന് പകരം ഇവർ നേരിട്ട് അന്താരാഷ്ട്ര ഡിപ്പാർച്ചർ മേഖലയിലേക്ക് എത്തുകയും തുടർന്ന് മ്യൂണിക്കിലേക്കുള്ള വിമാനത്തിൽ കയറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവം വിമാനത്താവളത്തിലെ പാസഞ്ചർ ഹാൻഡ്‌ലിങ് സംവിധാനത്തിലുണ്ടായ ഗുരുതര വീഴ്ചയായാണ് അധികൃതർ കാണുന്നത്. എയർ ഇന്ത്യ ജീവനക്കാരുടെയും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയുടെയും നടപടികളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ എയർ ഇന്ത്യയുടെ ആഭ്യന്തര സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിച്ചു, ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാത്ത യാത്രക്കാർ എങ്ങനെയാണ് അന്താരാഷ്ട്ര ഡിപ്പാർച്ചർ മേഖലയിലെത്തിയത്, ബന്ധപ്പെട്ട ജീവനക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളിൽ ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളും യാത്രക്കാരുടെ കൈകാര്യം ചെയ്യൽ നടപടികളും കൂടുതൽ കർശനമായി പരിശോധിക്കാനും അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാലാണ് സംഭവത്തെ ഗുരുതരമായി കണ്ട് സിഇഒയോട് തന്നെ കേന്ദ്രം വിശദീകരണം തേടിയത്.

article-image

xzsxadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed