ഫ്രൻഡ്‌സ് മലയാളം പാഠശാലകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം; പ്രവേശനോത്സവം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം പാഠശാലകളുടെ റിഫ, മനാമ ക്യാമ്പസുകളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവാസി കുട്ടികളിൽ മാതൃഭാഷാ പരിജ്ഞാനം വളർത്തുന്നതിനും മലയാള സംസ്കാരവുമായുള്ള ആത്മബന്ധം ദൃഢമാക്കുന്നതിനുമാണ് പാഠശാലകൾ പ്രവർത്തിക്കുന്നത്.
റിഫ ക്യാമ്പസിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഷാനി സക്കീർ സ്വാഗതവും നസീല ടീച്ചർ നന്ദിയും പറഞ്ഞു. പ്രവാസ ലോകത്ത് വളരുന്ന പുതിയ തലമുറയ്ക്ക് മാതൃഭാഷ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലുലു ടീച്ചർ വിശദീകരിച്ചു.
മനാമ ക്യാമ്പസിലെ പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സജീബ് കരുവാട്ടിൽ അധ്യക്ഷത വഹിച്ചു. ഷഹീന നൗമൽ സ്വാഗതവും നിഷിത ടീച്ചർ നന്ദിയും രേഖപ്പെടുത്തി. കുട്ടികളെ ഭാഷയോട് അടുപ്പിച്ചു നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഷമീല ടീച്ചർ സംസാരിച്ചു.
കുട്ടികളിൽ ഭാഷാസ്നേഹം വളർത്താൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തരമായ കൂട്ടായ്മ അനിവാര്യമാണെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. പുതിയ വിദ്യാർത്ഥികളെ സ്വീകരിച്ച ചടങ്ങിൽ, കഴിഞ്ഞ അധ്യയന വർഷത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
dsfsd

