കെ എസ് സി എ 'പൂവിളി 2026' ഓണാഘോഷം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച 'പൂവിളി 2026' ഓണാഘോഷം അധാരി പാർക്കിൽ വിപുലമായ പരിപാടികളോടെ നടന്നു. സോപാനം വാദ്യസംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തിന്റെയും മേളങ്ങളുടെയും അകമ്പടിയോടെ മാവേലി മന്നനെ സ്വീകരിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
പ്രസിഡന്റ് രാജേഷ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും പ്രശംസനീയമാണെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ആർ. രമേഷ് അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളുടെ ഒത്തൊരുമ മാതൃകാപരമാണെന്ന് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ജയന്തൻ പറഞ്ഞു. പമ്പാവാസൻ നായർ ഉൾപ്പെടെയുള്ള സാമൂഹിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
ആഘോഷങ്ങളുടെ വിജയത്തിനായി സഹകരിച്ച എസ്എൻസിഎസ് ചെയർമാൻ സുനീഷ് സുശീലൻ, കെഎസ്സിഎ അംഗം നാരായണൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. പൂവിളി ജനറൽ കൺവീനർ അജയകൃഷ്ണൻ സംസാരിക്കുകയും വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സന്ദീപ്, ഡോ. ഗൗരി എന്നിവർ അവതാരകരായിരുന്നു.
തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അണിനിരന്ന തിരുവാതിര, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. പ്രശസ്ത മ്യൂസിക് ബാൻഡായ 'റബ്ബർ ബാൻഡ്' അവതരിപ്പിച്ച തൽസമയ സംഗീതനിശയോടെയാണ് പൂവിളി 2026 ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്.
dsfsdf

