വടകര സഹൃദയവേദിയുടെ ‘പൂവിളി 2026’ ഓണാഘോഷം ആവേശകരമായി; ആയിരത്തിലധികം പേർ പങ്കെടുത്തു
പ്രദീപ് പുറവങ്കര
മനാമ: പ്രവാസലോകത്ത് ഓണത്തിന്റെ സൗഹൃദവും സാംസ്കാരിക പൈതൃകവും വിളിച്ചോതി വടകര സഹൃദയവേദി സംഘടിപ്പിച്ച ‘പൂവിളി 2026’ ഓണാഘോഷം വിപുലമായ ജനപങ്കാളിത്തത്തോടെ ഇന്ത്യൻ ക്ലബ്ബിൽ നടന്നു. ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്ത ചടങ്ങ് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു.
സഹൃദയവേദി പ്രസിഡന്റ് എൻ.പി. അഷറഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം.സി. പവിത്രൻ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വറുഗീസ്, ഐസിആർഎഫ് അഡ്വൈസർ ഡോ. ബാബു രാമചന്ദ്രൻ, പ്രമുഖ വ്യവസായിയും സിഎംഎൻ ട്രസ്റ്റ് ചെയർമാനുമായ പമ്പാവാസൻ നായർ, സഹൃദയവേദി മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ എന്നിവർ ആശംസകൾ നേർന്നു. ആഘോഷ പരിപാടികളുടെ സംഘാടന മികവിനെയും പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനങ്ങളെയും ചടങ്ങിൽ സംബന്ധിച്ച പ്രമുഖർ പ്രശംസിച്ചു.
സഹൃദയവേദി കുടുംബാംഗങ്ങൾ അവതരിപ്പിച്ച സംഘഗാനം, ഒപ്പന, തിരുവാതിര തുടങ്ങി കുട്ടികളും മുതിർന്നവരും പങ്കെടുത്ത വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. തുടർന്ന് പരമ്പരാഗത രീതിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയിൽ ആയിരത്തിലധികം ആളുകൾ പങ്കെടുത്തു.
പ്രതിഭാ രക്ഷാധികാരി ശ്രീജിത്ത്, കെ.എം.സി.സി പ്രതിനിധി എ.പി. ഫൈസൽ, ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഐ.വൈ.സി.സി പ്രസിഡന്റ് റിച്ചി കളത്തൂരത്ത്, സാമൂഹ്യപ്രവർത്തകൻ ഇ.വി. രാജീവൻ, പൂവിളി ചെയർമാൻ അശോകൻ ടി., ട്രഷറർ വി.പി. രഞ്ജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പൂവിളി ജനറൽ കൺവീനർ ശശിധരൻ എം. നന്ദി രേഖപ്പെടുത്തി.

