അപകടക്കെണിയായ സ്‌കൂളുകൾ പൊളിച്ചുനീക്കാൻ ഹരിയാന; സമ്മർദ്ദത്തിലാക്കി സിജെപിയുടെ പ്രചാരണം!
ഷീബ വിജയൻ
ഹരിയാനയിലെ സർക്കാർ സ്കൂളുകളിൽ അപകടാവസ്ഥയിലുള്ള 2,814 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സെപ്റ്റംബർ 30-നകം ഇവ പരിശോധിച്ച് അപകടാവസ്ഥ വിലയിരുത്തി പൊളിച്ചുമാറ്റൽ പൂർത്തിയാക്കാനാണ് നിർദേശം. പൊതുവിദ്യാലയങ്ങളിലെ മോശം അടിസ്ഥാന സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) നടത്തിയ 'സ്കൂൾ ഠീക് കരോ' കാമ്പയിന് പിന്നാലെയാണ് സർക്കാർ നടപടി. സർക്കാർ സ്കൂളുകളിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്ത 2,814 കെട്ടിടങ്ങളിൽ ചിലത് വലിയ കെട്ടിടങ്ങളാണെങ്കിലും ഭൂരിഭാഗവും ഒന്നോ രണ്ടോ പഴയ മുറികളാണെന്ന് അധികൃതർ പറഞ്ഞു. അപകടകരമെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ കുട്ടികളെ ഇരുത്തില്ലെന്നും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത് വരെ വിദ്യാർഥികളെ സമീപത്തെ സുരക്ഷിതമായ സർക്കാർ സ്കൂളുകളിലേക്കോ മറ്റ് കെട്ടിടങ്ങളിലേക്കോ മാറ്റുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി നായബ് സിംഗ് സൈനിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല അവലോകന യോഗത്തിന് മുന്നോടിയായാണ് നിർദേശം നൽകിയത്.
പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്ക് പകരം പുതിയവ നിർമിക്കും. സ്ഥലപരിമിതി പരിഹരിക്കുന്നതിനായി ബഹുനിലകളുള്ള 'വെർട്ടിക്കൽ' സ്കൂൾ കെട്ടിടങ്ങൾ നിർമിക്കാനാണ് പദ്ധതി. ഇതിലൂടെ സ്കൂളുകളിൽ കളിസ്ഥലങ്ങൾക്കായി കൂടുതൽ സ്ഥലം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. നടപടികൾ വേഗത്തിലാക്കാൻ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള ജില്ലാ സമിതികൾക്ക് നിർദേശം നൽകി. കെട്ടിടങ്ങൾ അപകടാവസ്ഥയിലുള്ളതായി പ്രഖ്യാപിക്കാനും അവശിഷ്ടങ്ങൾ ലേലം ചെയ്യാനും സമിതികൾക്ക് അധികാരം നൽകിയിട്ടുമുണ്ട്. 2014 മുതൽ ഹരിയാനയിൽ ബിജെപി അധികാരത്തിലുണ്ടായിട്ടും സർക്കാർ സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഫലപ്രദമായ നടപടികളുണ്ടായില്ലെന്നും സിജെപി വിഷയം ഉയർത്തിക്കാട്ടാൻ ആരംഭിച്ചതോടെയാണ് നടപടികൾ വന്നതെന്നും ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടി.
cxzcxzcxzcxz

