സൗദിക്ക് നേരെ ഹൂത്തികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; 13 പേർക്ക് പരിക്ക് ; ശക്തമായി തിരിച്ചടിക്കുമെന്ന് സഖ്യസേന
ശാരിക
റിയാദ്: സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഹൂത്തി ഭീകരവാദികൾ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സംയുക്ത സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഖമീസ് മുശൈത്, അബഹ, തായിഫ് എന്നീ നഗരങ്ങളെ ലക്ഷ്യമാക്കി ഇന്നലെയാണ് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നത്.
ആക്രമണത്തിൽ 13 സാധാരണക്കാർക്ക് നിസ്സാരവും മിതമായതുമായ പരിക്കേറ്റു. കൂടാതെ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ തുടർച്ചയായ ആക്രമണങ്ങൾ അവരുടെ തീവ്രവാദ സമീപനത്തെയാണ് കാണിക്കുന്നതെന്ന് സഖ്യസേന ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51, സ്വയം പ്രതിരോധത്തിനുള്ള അവകാശം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എന്നിവയ്ക്ക് വിധേയമായി സൗദിയുടെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് മേജർ ജനറൽ അൽ മാലിക്കി വ്യക്തമാക്കി. ഹൂത്തികളുടെ ഇത്തരം ഭീകരപ്രവർത്തനങ്ങളെ തടയുന്നതിനായി ആവശ്യമായ എല്ലാ സൈനിക നടപടികളും സ്വീകരിക്കുമെന്നും സഖ്യസേന അറിയിച്ചു.
dsdsdsdsdsa

