ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കർണാടകയിൽ നാല് പേർ വെന്തുമരിച്ചു
ഷീബ വിജയൻ
കർണാടക ; ബെലഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ചാവത് ഗല്ലിയിൽ തിങ്കളാഴ്ച രാത്രി വൈകി ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. ഷോർട്ട് സർക്യൂട്ടിനെത്തുടർന്നുണ്ടായ ഫ്രിഡ്ജ് പൊട്ടിത്തെറിയും പിന്നാലെയുണ്ടായ തീപിടിത്തവുമാണ് വൻ ദുരന്തത്തിന് കാരണമായത്. ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഗണേഷ് ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി രാത്രി വൈകി ഉറങ്ങാൻ കിടന്ന കുടുംബത്തിന് മേലാണ് വിധിയുടെ രൂപത്തിൽ ദുരന്തം എത്തിയത്. ഉറങ്ങുന്നതിനിടയിൽ ഫ്രിഡ്ജ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിനുള്ളിലേക്ക് തീഗോളങ്ങൾ അതിവേഗം പടർന്നുപിടിച്ചു. വീടിനുള്ളിൽ കുടുങ്ങിപ്പോയവർക്ക് പുറത്തിറങ്ങാൻ പോലും അവസരം ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. തുടക്കത്തിൽ പടക്കം പൊട്ടുന്ന ശബ്ദമാണെന്നാണ് സമീപവാസികൾ കരുതിയത്. എന്നാൽ നിമിഷങ്ങൾക്കകം വീട് പൂർണ്ണമായും തീയിൽ അകപ്പെടുകയായിരുന്നു. മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ പ്രദേശം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഉത്സവസന്ധ്യയിൽ നടന്ന ഈ വലിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് ബെലഗാവിയിലെ നാട്ടുകാർ.
ോ്ൈേോ്േോ്േ

