ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ച് 'ഹെൽത്തി പിനോയ് ക്യാമ്പയിൻ 2026' സീസൺ 3 പ്രഖ്യാപിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന 'ഹെൽത്തി പിനോയ് ക്യാമ്പയിൻ 2026 – സീസൺ 3' പ്രഖ്യാപിച്ചു. അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ശാഖയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.
നാളെ മുതൽ (ജൂലൈ 31) മനാമ സെൻട്രൽ ശാഖയിൽ ഔദ്യോഗികമായി തുടക്കമാകുന്ന ഈ ക്യാമ്പയിൻ, ആഗസ്റ്റ് 1 മുതൽ ആഗസ്റ്റ് 31 വരെ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ ഒഴികെയുള്ള എല്ലാ അൽ ഹിലാൽ ഹെൽത്ത്‌കെയർ സെന്ററുകളിലും ലഭ്യമായിരിക്കും.
ആഗസ്റ്റ് മാസം മുഴുവൻ ബഹ്റൈനിലെ ഫിലിപ്പീൻസ് പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ടോട്ടൽ കൊളസ്ട്രോൾ, വൃക്കകളുടെ പ്രവർത്തനം (ക്രിയേറ്റിനിൻ), കരളിന്റെ പ്രവർത്തനം (SGPT), യൂറിക് ആസിഡ് എന്നീ നിർണ്ണായക പരിശോധനകൾക്കൊപ്പം രക്തസമ്മർദ്ദം, ഓക്സിജൻ അളവ് (SpO2) എന്നിവയും സൗജന്യമായി പരിശോധിക്കാം. കൂടാതെ ഡോക്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാകും.
ബഹ്റൈനിലെ ഫിലിപ്പീൻസ് സ്ഥാനപതി ഹിസ് എക്സലൻസി ജീനസ് ജെയ്ം റിക്കാർഡോ ഡി. ഗല്ലാഗ, അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ധീൻ എന്നിവർ ചേർന്നാണ് വാർത്താസമ്മേളനം നടത്തിയത്. ഫിലിപ്പീൻസ് എംബസി ഉദ്യോഗസ്ഥരായ വൈസ് കോൺസുൽ ചാർലി ഫ്ലോറിയൻ പ്രെനികോളാസ്, അറ്റാഷേമാരായ ജീമാരി മോർട്ടൽ-ലാഡ്രിക്ക, ജെയ്മർ കബ്രേര, ജെഫ് ആൻഡ്രെ സാന്റോസ്, ലേബർ അറ്റാഷേ ഓർവില്ലെ ബാല്ലിറ്റോക്, വെൽഫെയർ ഓഫീസർ ജൂവിലിൻ ആൻസ് ഗുമാബേ എന്നിവരും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഫിലിപ്പീൻസ് അംബാസഡർ എച്ച്.ഇ. ഗല്ലാഗ, ബഹ്റൈനിലെ ഫിലിപ്പീൻസ് സമൂഹത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ ക്യാമ്പയിനെന്ന് അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ അൽ ഹിലാൽ ഗ്രൂപ്പ് നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
ചികിത്സ എല്ലാവർക്കും പ്രാപ്യമായിരിക്കണം എന്നാണ് അൽ ഹിലാലിന്റെ നയമെന്നും, പ്രതിരോധ ആരോഗ്യ സംരക്ഷണവും രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തലും പ്രോത്സാഹിപ്പിക്കുന്നതിന് ഫിലിപ്പീൻസ് എംബസിയുമായി വീണ്ടും കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്നും സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ആസിഫ് മുഹമ്മദും സഹൽ ജമാലുദ്ധീനും വ്യക്തമാക്കി.
sdsd

