വാഹന പരിശോധനാ രംഗത്ത് സ്വദേശിവത്കരണത്തിന് നിർദ്ദേശവുമായി എം.പി ബദർ അൽ തമീമി
പ്രദീപ് പുറവങ്കര
മനാമ: വാഹന പരിശോധക തസ്തികകളിൽ നിന്ന് വിദേശ തൊഴിലാളികളെ ഒഴിവാക്കണമെന്നും ഈ തസ്തികകൾ പൂർണ്ണമായും ബഹ്റൈൻ പൗരന്മാർക്കായി മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റ് അംഗം ബദർ അൽ തമീമി രംഗത്ത്. സ്വകാര്യ വാഹന പരിശോധനാ കേന്ദ്രങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെ മാറ്റി, കൃത്യമായ സമയപരിധിക്കുള്ളിൽ പരിശീലനം ലഭിച്ച ബഹ്റൈനികളെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാഹനങ്ങളുടെ റോഡ് യോഗ്യത നിർണ്ണയിക്കുകയും ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനാൽ ഈ തസ്തിക അതീവ ഉത്തരവാദിത്തമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ ഉയർന്ന തസ്തികയിലുള്ള ഈ ജോലി ബഹ്റൈനികൾക്കായി മാത്രമാണ് മാറ്റിവെച്ചിരുന്നത്. എന്നാൽ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ഈ മേഖലയിൽ വിദേശ തൊഴിലാളികൾ കൂടുതലായി നിയമിക്കപ്പെടുകയും സ്വദേശികൾക്കുള്ള അവസരങ്ങൾ കുറയുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളിലും ബഹ്റൈനികൾക്ക് മാത്രം നിയമനം നൽകുന്ന നിയമം നടപ്പിലാക്കണമെന്ന് അൽ തമീമി ആവശ്യപ്പെട്ടു. ആവശ്യമായ സുരക്ഷാ, ജോലി നിലവാരത്തിനനുസരിച്ച് പരിശോധനകൾ നടത്താൻ പൗരന്മാരെ പ്രാപ്തരാക്കുന്ന അംഗീകൃത പരിശീലന പദ്ധതികൾ ആരംഭിക്കണമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു. ഈ നീക്കം പൗരന്മാരുടെ തൊഴിൽ അവകാശം സംരക്ഷിക്കുകയും ഉയർന്ന നൈപുധ്യമുള്ള തസ്തികകളിൽ ബഹ്റൈനികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
asfddf

