ജി.സി.സി ഉച്ചകോടിക്കും പ്രഥമ 'മെയ്ഡ് ഇൻ ജി.സി.സി' ഫോറത്തിനും ബഹ്‌റൈൻ വേദിയാകും
ഷീബ വിജയൻ
മനാമ: ജി.സി.സി രാജ്യങ്ങൾക്കിടയിലെ വ്യാവസായിക സഹകരണം ശക്തമാക്കുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടും സംഘടിപ്പിക്കുന്ന പ്രഥമ 'മെയ്ഡ് ഇൻ ജി.സി.സി 2026' ഫോറത്തിനും എക്‌സിബിഷനും ബഹ്‌റൈൻ വേദിയാകുന്നു. ഒക്ടോബർ 6 മുതൽ 8 വരെ സാഖീറിലെ 'എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ' രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുക.
ജി.സി.സി രാഷ്ട്രത്തലവന്മാരുടെ പൂർണ്ണ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി, ഗൾഫ് മേഖലയിലെ വ്യവസായങ്ങളുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും. ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റുവിന്റെ അധ്യക്ഷതയിൽ ചേരുന്ന ജി.സി.സി ഇൻഡസ്ട്രിയൽ കോഓപ്പറേഷൻ കമ്മിറ്റി, കൊമേഴ്‌സ്യൽ കോഓപ്പറേഷൻ കമ്മിറ്റി യോഗങ്ങളോട് അനുബന്ധിച്ചാണ് ഫോറം ക്രമീകരിച്ചിരിക്കുന്നത്.
ജി.സി.സി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, നിക്ഷേപകർ, വ്യവസായ വിദഗ്ദ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. വ്യാവസായിക സംയോജനം, പുതിയ നിക്ഷേപ അവസരങ്ങൾ, ഇന്നൊവേഷൻ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഫോറത്തിന്റെ ഭാഗമായി നടക്കും. വ്യാവസായിക നയങ്ങൾ, ആഗോള വിപണി ലഭ്യത, സപ്ലൈ ചെയിൻ ശാക്തീകരണം, ഗ്രീൻ മാനുഫാക്ചറിംഗ്, സ്മാർട്ട് ഫാക്ടറികൾ, വ്യാവസായിക ധനസഹായം, തൊഴിൽ ശേഷി വികസനം തുടങ്ങിയ വിഷയങ്ങളിൽ ഉന്നതതല ചർച്ചകളും ഉണ്ടാകും.
ഗൾഫ് രാജ്യങ്ങളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ, വ്യാവസായിക ഇന്നൊവേഷനുകൾ എന്നിവ പ്രദർശിപ്പിക്കുന്ന കൂറ്റൻ എക്‌സിബിഷനും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. പുതിയ ബിസിനസ്സ് പങ്കാളിത്തങ്ങൾക്കും നിക്ഷേപങ്ങൾക്കും എക്‌സിബിഷൻ വഴിയൊരുക്കും.
ജി.സി.സി സാമ്പത്തിക-വ്യാവസായിക സഹകരണം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ ബഹ്‌റൈനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ ഫോറമെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റു പറഞ്ഞു. പ്രാദേശിക, അന്തർദേശീയ വിപണികളിൽ ഗൾഫ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും മത്സരശേഷിയും അടയാളപ്പെടുത്തുന്ന 'മെയ്ഡ് ഇൻ ജി.സി.സി' (Made in GCC) എന്ന ഏകീകൃത ബ്രാൻഡ് സ്ഥാപിച്ചെടുക്കാൻ ഈ സമ്മേളനം വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
cxzadsadsads

