ബഹ്‌റൈനിൽ ബിസിനസ് പ്രതീക്ഷ വർദ്ധിക്കുന്നു; ബിസിനസ് കോൺഫിഡൻസ് ഇൻഡക്സ് 85.39 ആയി ഉയർന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ വാണിജ്യ-ബിസിനസ് മേഖലയിലെ ആത്മവിശ്വാസം തുടർർച്ചയായി വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിവര വിനിമയ ഇ-ഗവേൺമെന്റ് അതോറിറ്റി (iGA) ബഹ്‌റൈൻ ഓപ്പൺ ഡാറ്റാ പോർട്ടൽ വഴി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026-ന്റെ മൂന്നാം പാദത്തിൽ രാജ്യത്തെ 'ബിസിനസ് കോൺഫിഡൻസ് ഇൻഡക്സ്' 85.39 പോയിന്റിലെത്തി.
ഒന്നാം പാദത്തിൽ 83.08 പോയിന്റും രണ്ടാം പാദത്തിൽ 85.32 പോയിന്റും രേഖപ്പെടുത്തിയ സൂചികയിൽ 0.07 പോയിന്റിന്റെ വളർച്ചയാണ് മൂന്നാം പാദത്തിൽ ഉണ്ടായിട്ടുള്ളത്. ഈ വർഷം തുടക്കം മുതൽ ഇതുവരെ ആകെ 2.31 പോയിന്റിന്റെ വളർച്ച രേഖപ്പെടുത്തിയ ഇൻഡക്സ്, 2026-ലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്.
സാമ്പത്തിക പ്രവർത്തനങ്ങളിൽ ബിസിനസ് സമൂഹത്തിനുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയും വരും നാളുകളിലെ വിപണിയിലെ ആവശ്യകത, നിക്ഷേപം, വ്യവസായ വികസനം എന്നിവയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയെയുമാണ് ഇത് സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലയുടെ ഉണർവും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള കഴിവും തെളിയിക്കുന്നതാണ് ഈ മുന്നേറ്റം.
2026-ന്റെ ആദ്യ പാദത്തിൽ ബഹ്‌റൈനിലേക്കുള്ള ആകെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ശേഖരം (FDI Stock) 1,763.7 കോടി ബഹ്‌റൈനി ദിനാറിലെത്തി (17.637 ബില്യൺ ബി.ഡി). ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളാണ് ഇതിൽ സിംഹഭാഗവും; ആകെ 1,262 കോടി ദിനാറാണ് ജി.സി.സി രാജ്യങ്ങളുടെ സംഭാവന.
617 കോടി ദിനാറിന്റെ നിക്ഷേപവുമായി കുവൈത്താണ് വിദേശ നിക്ഷേപകരിൽ ഒന്നാമതുള്ളത്. സൗദി അറേബ്യ (405 കോടി ദിനാർ), യു.എ.ഇ (168 കോടി ദിനാർ), ലിബിയ (132 കോടി ദിനാർ) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
75.74 കോടി ദിനാറിന്റെ നിക്ഷേപവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. കേമാൻ ഐലൻഡ്‌സ് (56.49 കോടി ദിനാർ), ഖത്തർ (43.92 കോടി ദിനാർ), ജപ്പാൻ (32.97 കോടി ദിനാർ), തുർക്കി (32.89 കോടി ദിനാർ), ഒമാൻ (27.47 കോടി ദിനാർ) എന്നിവയാണ് പട്ടികയിലെ മറ്റ് പ്രധാന രാജ്യങ്ങൾ.
sdfdsf

