ആലി വാക്ക്‌വേയിൽ കുളിർമയേകാൻ മിസ്റ്റിംഗ് പോളുകൾ; നടപ്പാത നവീകരണം പുരോഗമിക്കുന്നു
പ്രദീപ് പുറവങ്കര
മനാമ: കടുത്ത വേനൽച്ചൂടിൽ ഓട്ടക്കാർക്കും നടത്തക്കാർക്കും ആശ്വാസമേകാൻ ആലി വാക്ക്‌വേയിൽ മൂന്ന് മീറ്റർ ഉയരമുള്ള 75 മിസ്റ്റിംഗ് പോളുകൾ സ്ഥാപിച്ചു. വാക്ക്‌വേയിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജലത്തുള്ളികൾ തളിക്കുന്ന ഈ സംവിധാനം പ്രവർത്തനസജ്ജമാക്കിയതായി വടക്കൻ മേഖല മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുള്ള ആശൂർ അറിയിച്ചു.
നടപ്പാതയിലുടനീളം നിശ്ചിത അകലത്തിൽ സ്ഥാപിച്ചിട്ടുള്ള പോളുകളിൽ നിന്ന് നേർത്ത മഞ്ഞുതുള്ളികൾ പോലെ ജലം തളിക്കുന്നത് ചൂടുള്ള കാലാവസ്ഥയിലും വ്യായാമം കൂടുതൽ സുഖകരമാക്കും. ആറാം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അബ്ദുള്ള ആശൂർ, വേനൽക്കാലത്ത് ഈ സംവിധാനം വലിയ ആശ്വാസമാകുമെന്ന് വ്യക്തമാക്കി. വടക്കൻ മേഖല മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയത്തിലെ പാർക്ക്സ് ആൻഡ് ലാൻഡ്‌സ്‌കേപ്പിംഗ് ഡയറക്ടറേറ്റാണ് പ്രവൃത്തികൾ നടത്തുന്നത്.
മിസ്റ്റിംഗ് സിസ്റ്റത്തിന് പുറമെ, പഴയ ഇന്റർലോക്ക് പാകിയ നടപ്പാത മാറ്റി ഹമദ് ടൗൺ വാക്ക്‌വേയിലേതിന് സമാനമായി ഓട്ടത്തിനും നടത്തത്തിനും അനുയോജ്യമായ പുതിയ ഉപരിതലം നിർമ്മിക്കുന്നുണ്ട്. കുട്ടികളുടെ കളിസ്ഥലത്തെ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുകയും പുതിയ തണൽ പന്തലുകളും വെളിച്ചവും സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.
ശുചിമുറികളും മറ്റ് കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനൊപ്പം വാക്ക്‌വേയിലെ ലൈറ്റിംഗുകൾ മാറ്റിസ്ഥാപിക്കുകയും സുരക്ഷാ ക്യാമറകൾ സജ്ജീകരിക്കുകയും ചെയ്യുന്നുണ്ട്. നഗരവാസികൾ ദിവസേന കായിക-വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആലി വാക്ക്‌വേയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ വേണമെന്ന ജനങ്ങളുടെ ആവശ്യപ്രകാരമാണ് ഈ നവീകരണ പ്രവൃത്തികൾ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

