വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം 'സുപ്രഭാതം'
ഷീബ വിജയൻ
കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാരെ തള്ളിയ മുഖ്യമന്ത്രി വി. ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം രംഗത്തെത്തി. "മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്. വി. ഡി. സതീശന്റെ പ്രതികരണം കുരുടൻ ആനയെ തൊട്ടതുപോലെ എന്നാണ് മുഖപ്രസംഗത്തിലെ പ്രയോഗം. പെണ്ണുങ്ങൾ പ്രദർശിപ്പിക്കപ്പെടുമ്പോൾ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാർമികതകൾ ഓർമിപ്പിക്കുന്ന വേദിയിൽ വച്ചാണ്. അത് പറയാൻ കാന്തപുരത്തിനുള്ള അവകാശം കാന്തപുരത്തിന്റെ പ്രസ്താവന പത്തൊൻപതാം നൂറ്റാണ്ടിലേതാണെന്ന് പറയാൻ സതീശനുള്ളതുപോലെ തന്നെ ഉണ്ടെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു.
മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനാണ് സതീശൻ ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തർക്കം വിശദീകരിച്ചായിരുന്നു മുഖപ്രസംഗം തുടങ്ങുന്നത്. കൊണ്ടും കൊടുത്തുമാണ് സതീശൻ മുഖ്യമന്ത്രി കസേരയിൽ എത്തിയതെന്നാണ് സമസ്ത ചൂണ്ടിക്കാണിക്കുന്നത്. മുനമ്പം വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിച്ചതും വി. ഡി. സതീശൻ ആണ്. പിഎം ശ്രീ നടപ്പാക്കാനും സതീശൻ താല്പര്യം കാണിച്ചു എന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമി അടക്കം ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത ആളാണ് സതീശൻ എന്നും പത്രം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മുഖപ്രസംഗത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രകീർത്തിക്കുന്നു. സമരസപ്പെടലിന്റെ മഹാഗോപുരമാണ് ചെന്നിത്തല എന്നായിരുന്നു മുഖ്യമന്ത്രി തർക്കം ഓർമിപ്പിച്ചുള്ള പരാമർശം.
acssdsdsds

