കിംഗ് ഫഹദ് കോസ്‌വേ വഴി ടാക്‌സി സർവീസുകൾക്ക് അനുമതി നൽകി ബഹ്‌റൈനും സൗദിയും
പ്രദീപ് പുറവങ്കര
ബഹ്‌റൈനും സൗദി അറേബ്യയ്ക്കുമിടയിലുള്ള കിംഗ് ഫഹദ് കോസ്‌വേ വഴി ലൈസൻസുള്ള ടാക്‌സികൾക്ക് യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി പ്രാബല്യത്തിൽ വന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങൾ വിപുലീകരിക്കാനും ഇരുരാജ്യങ്ങളിലെയും പൗരന്മാർ, പ്രവാസികൾ, സന്ദർശകർ എന്നിവരുടെ യാത്ര സുഗമമാക്കാനും ഈ നീക്കം സഹായിക്കുമെന്ന് ബഹ്‌റൈൻ ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അൽ ധാഇൻ വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലെയും സുരക്ഷാ, സേവന മാനദണ്ഡങ്ങൾ പാലിച്ചാണ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഔദ്യോഗികമായി ലൈസൻസുള്ള ടാക്‌സികൾക്ക് മാത്രമേ കോസ്‌വേ വഴി സർവീസ് നടത്താൻ അനുമതിയുണ്ടാകൂ. കൂടാതെ വാഹനങ്ങൾക്ക് സാങ്കേതിക അനുമതിയുണ്ടായിരിക്കണം, നിർമ്മാണം കഴിഞ്ഞ് 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഈ സർവീസിന് അനുമതിയുണ്ടാകില്ല തുടങ്ങിയ കർശന ഉപാധികളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഗതാഗത സൗകര്യങ്ങളും കൂടുതൽ ശക്തമാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
essf

