അടുത്ത ആഴ്ച മുതൽ കനത്ത ചൂട്; ബഹ്റൈനിൽ 'ഹീറ്റ് ഡോം' പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര
മനാമ: അടുത്ത ആഴ്ചയോടെ ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിൽ കടുത്ത ചൂടിന് കാരണമായേക്കാവുന്ന 'ഹീറ്റ് ഡോം' (Heat Dome) പ്രതിഭാസം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് ഫിസിക്സ് പ്രൊഫസർ ഡോ. വഹീബ് അൽനാസറാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അറേബ്യൻ ഉപദ്വീപിൽ അന്തരീക്ഷ മർദ്ദം വരും ദിവസങ്ങളിൽ ശക്തമാകുകയാണെങ്കിൽ ഈ മാസം പകുതിയോടെ ഈ പ്രതിഭാസം അനുഭവപ്പെട്ടേക്കാം.
അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദം കാരണം ചൂടുള്ള വായു താഴേക്ക് അമരുകയും മേഘങ്ങൾ രൂപപ്പെടുന്നത് തടയുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് കാറ്റിന്റെ വേഗത കുറയ്ക്കുകയും ദിവസങ്ങളോളം ചൂട് കെട്ടിക്കിടക്കാൻ ഇടയാക്കുകയും ചെയ്യും. ഇതിലൂടെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ജൂലൈ 18 നും 27 നും ഇടയിൽ ഹീറ്റ് ഡോം രൂപപ്പെടാൻ കൂടുതൽ സാധ്യതയുണ്ടെന്നും ജൂലൈ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിലായിരിക്കും ചൂട് അതിന്റെ പരമാവധിയിൽ എത്തുന്നതെന്നും ഡോ. അൽനാസർ വ്യക്തമാക്കി. ഗൾഫ് ജലാശയങ്ങളിലെ ചൂട് കാരണം അന്തരീക്ഷത്തിൽ ഈർപ്പം (ഹ്യുമിഡിറ്റി) വർദ്ധിക്കാനും ഇത് കാരണമാകും.
ഹീറ്റ് ഡോം പ്രതിഭാസം പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഒരുപോലെ ഹാനികരമാണ്. രാത്രികാലങ്ങളിലും ചൂട് കുറയാത്ത അവസ്ഥയുണ്ടാകുന്നത് ശരീരത്തിന് വേനൽച്ചൂടിൽ നിന്ന് താത്കാലിക ആശ്വാസം ലഭിക്കുന്നത് തടയും. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ കൂടുതൽ സമയവും എയർകണ്ടീഷണറുള്ള മുറികളിൽ തന്നെ തുടരണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ജനലുകളിലെ കർട്ടനുകളും ഷട്ടറുകളും അടച്ചിടുക, വീടുകളിൽ അധികമായി ചൂട് പുറപ്പെടുവിക്കുന്ന ഓവനുകളും ലൈറ്റുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവ ശ്രദ്ധിക്കണം. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, കൃത്യമായ ഇടവേളകളിൽ വെള്ളവും ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങളും കുടിക്കുക എന്നിവയും പ്രധാനമാണ്. കാപ്പി, മധുരമുള്ള പാനീയങ്ങൾ എന്നിവ ഈ സമയങ്ങളിൽ പൂർണ്ണമായും ഒഴിവാക്കണം.
ഗൾഫ് മേഖല നേരിടുന്ന ചൂട് വരും വർഷങ്ങളിൽ കൂടുതൽ കടുക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള 'ഒ.ആർ.എഫ് മിഡിൽ ഈസ്റ്റ്' ഈ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം കാരണം നഗരങ്ങളിൽ ചൂട് കുതിച്ചുയരുകയും വൈദ്യുതി ആവശ്യകത വർദ്ധിക്കുകയും ചെയ്യും. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ വേനൽക്കാല താപനില 55 ഡിഗ്രി സെൽഷ്യസ് വരെ കടന്നേക്കാം. കടുത്ത ചൂട് തൊഴിലാളികളുടെ ഉത്പാദനക്ഷമതയെയും ഗൾഫ് സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. 2030 ഓടെ താപനിലയിലെ വർദ്ധനവ് മൂലം ഖത്തറിന് 5.3 ശതമാനവും ബഹ്റൈന് 4.1 ശതമാനവും യു.എ.ഇക്ക് 2.6 ശതമാനവും പ്രവൃത്തിസമയം നഷ്ടപ്പെടുമെന്നാണ് ഈ പഠനത്തിൽ കണക്കാക്കുന്നത്.
വർദ്ധിച്ചുവരുന്ന ഈ പ്രതിസന്ധിയെ നേരിടാൻ ബഹ്റൈൻ ഊർജ്ജ കാര്യക്ഷമതാ പദ്ധതികൾ ശക്തമാക്കിയിട്ടുണ്ട്. 2017-ൽ ആരംഭിച്ച 'നാഷണൽ എനർജി എഫിഷ്യൻസി ആക്ഷൻ പ്ലാൻ' (NEEAP) വഴി 2025-ഓടെ ഊർജ്ജ ഉപഭോഗം 6 ശതമാനം കുറയ്ക്കുക എന്നതായിരുന്നു ബഹ്റൈന്റെ ലക്ഷ്യം. ഗ്രീൻ ബിൽഡിംഗ് കോഡ് നടപ്പിലാക്കിയും സർക്കാർ ഓഫീസുകളിലെയും തെരുവുകളിലെയും വിളക്കുകൾ എൽ.ഇ.ഡി ആക്കിയും ബഹ്റൈൻ ഈ ലക്ഷ്യം നിശ്ചിത സമയത്തിന് മുൻപേ വിജയകരമായി കൈവരിച്ചു കഴിഞ്ഞു. 2035-ഓടെ കാർബൺ പുറന്തള്ളൽ 30 ശതമാനം കുറയ്ക്കാനും 2060-ഓടെ പൂജ്യം കാർബൺ ഉദ്വമനം എന്ന ലക്ഷ്യത്തിലെത്താനുമുള്ള പുതിയ ദേശീയ ഊർജ്ജ തന്ത്രത്തിന്റെ ഭാഗമായാണ് നിലവിൽ രാജ്യം മുന്നോട്ട് പോകുന്നത്.
വരും ദിവസങ്ങളിൽ ബഹ്റൈനിൽ കാറ്റിന്റെ വേഗത കുറയുകയും രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുകയും ചെയ്യും. ശനിയാഴ്ച വരെ പകൽ സമയങ്ങളിൽ പരമാവധി 44 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 30 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനിലയെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
xcvxcv

