ബാപ്‌കോ എനർജീസ് ഡയറക്ടർ ബോർഡ് യോഗം ചേർന്നു; 2026-ലെ പുതുക്കിയ ബജറ്റിന് അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രമുഖ ഊർജ്ജ ഗ്രൂപ്പായ ബാപ്‌കോ എനർജീസിന്റെ (Bapco Energies) ഈ വർഷത്തെ രണ്ടാം പാദ ഡയറക്ടർ ബോർഡ് യോഗം ചേർന്നു. രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും ബാപ്‌കോ എനർജീസ് ചെയർമാനുമായ ഹിസ് ഹൈനസ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
തന്റെ സമീപകാല അമേരിക്കൻ സന്ദർശന വിവരങ്ങൾ ശൈഖ് നാസർ ബോർഡ് അംഗങ്ങളുമായി പങ്കുവെച്ചു. യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഊർജ്ജ സഹകരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, നിലവിലെ പ്രാദേശിക സംഘർഷങ്ങൾ ബഹ്‌റൈനിലും ബാപ്‌കോ എനർജീസ് ഗ്രൂപ്പിലും ഉണ്ടാക്കുന്ന സ്വാധീനവും യോഗത്തിൽ ചർച്ചയായി.
ഗ്രൂപ്പിന്റെ സാമ്പത്തിക-പ്രവർത്തന പുരോഗതികൾ വിലയിരുത്തിയ ബോർഡ്, 2025 ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾക്ക് അംഗീകാരം നൽകി. ഇതിനൊപ്പം കമ്പനിയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി തയ്യാറാക്കിയ 2026-ലെ പുതുക്കിയ സംയോജിത ബജറ്റും (consolidated adjusted budget) ബോർഡ് അംഗീകരിച്ചു.
ബാപ്‌കോ മോഡേണൈസേഷൻ പ്രോജക്റ്റ് (Bapco Modernisation Project), അപ്‌സ്ട്രീം പ്രോജക്റ്റുകൾ (Upstream projects) തുടങ്ങിയ വൻകിട പദ്ധതികളുടെ പുരോഗതിയും കമ്പനിയുടെ പ്രധാന വളർച്ചാ സൂചകങ്ങളും സി.ഇ.ഒ മാർക്ക് തോമസ് യോഗത്തിൽ അവതരിപ്പിച്ചു.
ബഹ്‌റൈന്റെ ദീർഘകാല സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനും ഊർജ്ജ സുരക്ഷ നിലനിർത്തുന്നതിനും നിക്ഷേപകർക്ക് മികച്ച മൂല്യം ലഭ്യമാക്കുന്നതിനും ബാപ്‌കോ എനർജീസ് പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടർ ബോർഡ് യോഗം ആവർത്തിച്ച് വ്യക്തമാക്കി.
ere

