വയനാട് കള്ളാടിയിൽ മൺതിട്ടയിടിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി


ശാരിക l കേരളം

കല്‍പ്പറ്റ: വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മൺതിട്ടയിടിച്ചിൽ ദുരന്തത്തിൽ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച രാവിലെ ദുരന്തമേഖലയിലെ സോൺ രണ്ടിൽ മണ്ണുകൂനകൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. പുതുതായി കണ്ടെത്തിയ മൃതദേഹങ്ങൾ ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമാണം നടത്തുന്ന ദിലീപ് ബിൽഡ്കോൺ കമ്പനിയുടെ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ (ഹിമാചൽ പ്രദേശ്), എൻജിനീയർ രാഹുൽ (ഹിമാചൽ പ്രദേശ്), എക്സ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇംറാൻ (ബിഹാർ), സർവേയർമാരായ രാകേഷ് ഗുച്ചൈദ് (പശ്ചിമബംഗാൾ), അസ്ഹറുദ്ദീൻ അൻസാരി (ഉത്തർപ്രദേശ്) എന്നിവരെയാണ് മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായിരുന്നത്. ഇപ്പോൾ കണ്ടെത്തിയ മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം എംബാമിംഗിനായി ഇവ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

അപകടം നടന്ന ചൊവ്വാഴ്ച തന്നെ ദിലീപ് ബിൽഡ്കോൺ ജീവനക്കാരായ ഓപ്പറേറ്റർ ചന്ദ്രബാൻ (മധ്യപ്രദേശ്), സിവിൽ ഫോർമാൻ ബികാഷ് കുമാർ, അൻചന്ദ്ര ബാൻ (ജാർഖണ്ഡ്) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇനി അപകടത്തിൽപ്പെട്ട മൂന്ന് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ നിലവിൽ ഊർജിതമായി പുരോഗമിക്കുകയാണ്.

മണ്ണടിഞ്ഞുകൂടിയ പ്രദേശത്തെ ആകെ നാല് സോണുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ഇതിൽ രണ്ട് സോണുകൾ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച തിരച്ചിൽ നടക്കുന്നത്. മറ്റ് രണ്ട് സോണുകളിലെ തിരച്ചിൽ ബുധനാഴ്ച പൂർത്തിയായിരുന്നു. കള്ളാടി പുഴയുടെ തീരങ്ങളിലും നിലവിൽ പരിശോധന തുടരുന്നുണ്ട്. കേന്ദ്ര-സംസ്ഥാന ദുരന്ത പ്രതികരണ സേനകൾ, അഗ്നിരക്ഷാസേന, പോലീസ്, സിവിൽ ഡിഫൻസ് എന്നിവരും പ്രദേശവാസികളും സംയുക്തമായാണ് രക്ഷാദൗത്യത്തിൽ പങ്കാളികളാകുന്നത്. തിരച്ചിലിനായി സ്നിഫർ, കഡാവർ നായ്ക്കളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed