റോഡരികിലും നടപ്പാതകളിലും ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധം: കർശന മുന്നറിയിപ്പുമായി മുഹറഖ് മുനിസിപ്പാലിറ്റി
പ്രദീപ് പുറവങ്കര
മനാമ: വീടുകൾക്ക് പുറത്ത് റോഡുകളിലും നടപ്പാതകളിലും ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധവും അപകടകരവുമാണെന്ന് മുഹറഖ് മുനിസിപ്പാലിറ്റി. ഇത്തരം പ്രവണതകൾ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ്, ഫയർഫോഴ്സ്, മറ്റ് അറ്റകുറ്റപ്പണി ജീവനക്കാർ എന്നിവരുടെ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഗ്യാസ് സിലിണ്ടറുകൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കാതെ, വീട്ടുപരിസരത്ത് തന്നെ സുരക്ഷിതമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാൻ വീട്ടുടമസ്ഥർ ശ്രദ്ധിക്കണം. റോഡുകളും നടപ്പാതകളും പൊതുജനങ്ങളുടെ ഉപയോഗത്തിനായുള്ളതാണ്, അല്ലാതെ ഗ്യാസ് സിലിണ്ടറുകളോ മറ്റ് ഗാർഹിക സാധനങ്ങളോ സൂക്ഷിക്കാനുള്ളതല്ല. പൊതുസ്ഥലങ്ങൾ ഇത്തരത്തിൽ കൈയേറുന്നത് ബഹ്റൈനിലെ 'പബ്ലിക് റോഡ്സ് ഓക്യുപേഷൻ നിയമ'ത്തിന്റെ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.
പലരും നിത്യേന ചെയ്യുന്ന ചില മോശം ശീലങ്ങൾ, അത് വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് ചിന്തിക്കാതെ സാധാരണ കാര്യമായി കാണുന്ന പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയുടെ ഈ കർശന നിർദ്ദേശം. തെരുവുകളിൽ സിലിണ്ടറുകൾ വെയ്ക്കുന്നത് കാൽനടയാത്രക്കാർക്ക് തടസ്സമാകുകയും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്യും. ഇത് ജനവാസ മേഖലകളുടെ ഭംഗി കെടുത്തുന്നതിനൊപ്പം, സിലിണ്ടറുകൾ മറിയാനും കേടുപാടുകൾ സംഭവിക്കാനും ഇടയാക്കും. കൂടാതെ, അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തന വാഹനങ്ങളുടെ വഴി മുടക്കാനും ഇത് കാരണമാകുന്നു.
നിയമങ്ങൾ കർശനമായി പാലിക്കാൻ പൗരന്മാരും പ്രവാസികളും തയ്യാറാകണമെന്ന് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ജീവനും സ്വത്തിനും ഭീഷണിയാണെന്നും, ഗ്യാസ് സിലിണ്ടറുകൾ വീടുകൾക്കുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നത് വ്യക്തികളുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
adasd

