ബഹ്‌റൈൻ അന്താരാഷ്ട്ര ചലച്ചിത്രമേള ഇനി ആഗോളതലത്തിലേക്ക്: ആറാം പതിപ്പിലേക്ക് ലഭിച്ചത് 55 രാജ്യങ്ങളിൽ നിന്നായി 894 ചിത്രങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര ചലച്ചിത്രമേള ഈ വർഷം ചരിത്രപരമായ വലിയൊരു ചുവടുവെപ്പിനൊരുങ്ങുന്നു. മേളയുടെ ആറാം പതിപ്പിൽ ഇതാദ്യമായി അന്താരാഷ്ട്ര തലത്തിലുള്ള ചിത്രങ്ങൾക്കും മത്സരവിഭാഗത്തിലേക്ക് പ്രവേശനം അനുവദിച്ചു. 55 രാജ്യങ്ങളിൽ നിന്നായി റെക്കോർഡ് എണ്ണമായ 894 ചിത്രങ്ങളാണ് ഇത്തവണ മേളയിലേക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മേളയുടെ അണിയറപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മേളയുടെ വളർച്ചയിലെ പുതിയൊരു അധ്യായത്തിനാണ് ഈ വർഷം തുടക്കമാകുന്നതെന്നും ആർട്ടിസ്റ്റിക് ഡയറക്ടർ അമ്മാർ സൈനൽ വ്യക്തമാക്കി.
ബഹ്‌റൈൻ സിനിമ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2021-ലാണ് ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചത്. ബഹ്‌റൈനി ചലച്ചിത്രപ്രവർത്തകരെ പിന്തുണയ്ക്കുക, അറബ് സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മേളയുടെ ആദ്യ പതിപ്പിൽ 14 അറബ് രാജ്യങ്ങളിൽ നിന്നായി ഇരുനൂറിലധികം ചിത്രങ്ങളാണ് ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ ലോകമെമ്പാടുമുള്ള 55 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം മേളയുടെ വളർന്നുവരുന്ന അന്താരാഷ്ട്ര ജനപ്രീതി വ്യക്തമാക്കുന്നു.
സിനിമകളുടെ മത്സരവിഭാഗത്തിന് പുറമെ ബഹ്‌റൈനി ചലച്ചിത്രപ്രവർത്തകരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി നിരവധി വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ, പരിശീലന പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. കൂടാതെ ബഹ്‌റൈനിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള പ്രമുഖ നടന്മാർ, സംവിധായകർ, ചലച്ചിത്രപ്രവർത്തകർ എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. പ്രാദേശിക ചലച്ചിത്രപ്രവർത്തകർക്ക് അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖരുമായി സംവദിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനും ഇതിലൂടെ അവസരം ലഭിക്കും.
ബഹ്‌റൈനിലെ ചലച്ചിത്ര മേഖലയെ ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈനിന്റെ കഥകൾ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുമുള്ള കാഴ്ചപ്പാടിന്റെ ഭാഗമായാണ് മേള അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ചതെന്ന് അമ്മാർ സൈനൽ പറഞ്ഞു. പ്രാദേശിക ചലച്ചിത്രപ്രവർത്തകർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രാദേശിക-അന്തർദേശീയ പങ്കാളിത്തങ്ങൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. സാംസ്കാരിക കൈമാറ്റത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ബഹ്‌റൈൻ എന്നും, ലോകമെമ്പാടുമുള്ള പ്രതിഭകളെ ഒരുമിച്ച് ചേർത്തുകൊണ്ട് ഈ മേള ആ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈനി ചിത്രങ്ങൾ, ഷോർട്ട് ഫിക്ഷൻ, ഡോക്യുമെന്ററികൾ, ആനിമേഷൻ, സ്റ്റുഡന്റ് ഫിലിംസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. റെക്കോർഡ് ചിത്രങ്ങളുടെ പങ്കാളിത്തം കൊണ്ടും ആദ്യ ആഗോള മത്സരവിഭാഗം കൊണ്ടും ആറാമത് ബഹ്‌റൈൻ അന്താരാഷ്ട്ര ചലച്ചിത്രമേള ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
asdasd

