വേനൽചൂടിന് ആശ്വാസമേകാൻ ബഹ്‌റൈനിൽ തണ്ണിമത്തൻ വിപണി സജീവം: മൂന്ന് കിലോയ്ക്ക് ഒരു ദിനാർ, പ്രിയം ജോർദാൻ തണ്ണിമത്തന്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ വേനൽച്ചൂടും അന്തരീക്ഷ ആർദ്രതയുംവർദ്ധിച്ചതോടെ പ്രാദേശിക വിപണികളിൽ തണ്ണിമത്തന് പ്രിയമേറുന്നു. ചൂടിൽ നിന്ന് ആശ്വാസം തേടി ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തുന്നതോടെ നിലവിൽ മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പഴങ്ങളിലൊന്നായി തണ്ണിമത്തൻ മാറി. മൂന്ന് കിലോ തണ്ണിമത്തന് ഒരു ബഹ്‌റൈൻ ദിനാർ എന്ന ആകർഷകമായ വിലയ്ക്കാണ് ഇപ്പോൾ വിപണിയിൽ വിൽപന നടക്കുന്നത്.
തണ്ണിമത്തനിലെ ഉയർന്ന ജലാംശവും കുറഞ്ഞ വിലയും സുലഭമായ ലഭ്യതയുമാണ് ചൂടുകാലത്ത് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ജോർദാൻ, സൗദി അറേബ്യ, ഒമാൻ, സിറിയ, ഈജിപ്ത്, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള തണ്ണിമത്തനുകളാണ് ബഹ്‌റൈൻ വിപണിയിൽ പ്രധാനമായും എത്തുന്നത്. ഇതിനുപുറമെ ജോർദാനിൽ നിന്നുള്ള മഞ്ഞ തണ്ണിമത്തനും വിപണിയിലുണ്ട്. എന്നാൽ ഇപ്പോൾ വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളതും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ജോർദാനിൽ നിന്നുള്ള ചുവന്ന തണ്ണിമത്തനാണ്.
നിലവിൽ തണ്ണിമത്തൻ സീസണിന്റെ ഏറ്റവും ഉയർന്ന സമയമാണെന്നും വരും ആഴ്ചകളിലും ചൂട് തുടരുന്നതിനാൽ ഡിമാൻഡ് ഇതേപടി നിലനിൽക്കുമെന്നും അൽ ബുസ്താനി ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് ഗ്രൂപ്പ് ചെയർമാൻ റെദാ അൽ ബുസ്താനി വ്യക്തമാക്കി. ഒമാൻ, സിറിയ, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തണ്ണിമത്തൻ ആവശ്യത്തിന് വിപണിയിൽ എത്തുന്നതിനാൽ വില വലിയ തോതിൽ വർദ്ധിക്കാതെ സ്ഥിരതയോടെ നിലനിർത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും വേനൽക്കാലത്ത് തണ്ണിമത്തൻ ജ്യൂസ് ആയും സലാഡുകളിലും നേരിട്ടും ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്.
sfsfd

