ഫണ്ട് പിരിവിൽ ക്രമക്കേട്: കേരള മുസ്ലിം സൊസൈറ്റി ഉൾപ്പെടെ 10 സംഘടനകൾക്ക് ബഹ്റൈനിൽ പൂട്ടുവീണു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ പൊതു ഫണ്ട് ശേഖരണ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇസ്ലാമിക് എൻലൈറ്റൻമെന്റ് സൊസൈറ്റിയെ സാമൂഹിക വികസന മന്ത്രാലയം പിരിച്ചുവിട്ടു. സംഘടന ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയ അന്തിമ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇതിനുപുറമെ, പത്ത് വർഷത്തിലേറെയായി ജനറൽ ബോഡി യോഗങ്ങൾ ചേരാതിരിക്കുകയും പ്രവർത്തനങ്ങൾ പൂർണ്ണമായും നിലയ്ക്കുകയും ചെയ്ത കേരള മുസ്ലിം സൊസൈറ്റി ഉൾപ്പെടെയുള്ള മറ്റ് എട്ട് സിവിൽ സംഘടനകളെയും മന്ത്രാലയം നിർബന്ധിതമായി പിരിച്ചുവിട്ടിട്ടുണ്ട്. നാമാ ഡെവലപ്‌മെന്റ് ഫോറം സൊസൈറ്റി, അൽ എസ്കാഫി സൊസൈറ്റി, അൽ ഇൻസാൻ സൊസൈറ്റി, ബഹ്റൈൻ വെൽഷ് സൊസൈറ്റി, അൽ ഹദഫ് സോഷ്യൽ സൊസൈറ്റി, അൽ നഹ്ദ യൂത്ത് സൊസൈറ്റി, ബഹ്റൈൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയാണ് പൂട്ടുവീണ മറ്റ് സംഘടനകൾ. കൂടാതെ, പ്രൊഫഷണൽ ഫിഷർമാൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഫുർജാൻ മുഹറഖ് സൊസൈറ്റി എന്നീ രണ്ട് സംഘടനകൾ നിയമപരമായ നടപടികളിലൂടെ സ്വമേധയാ പിരിഞ്ഞുപോകുകയും ചെയ്തു.

പിരിച്ചുവിട്ട എല്ലാ സംഘടനകളുടെയും ആസ്തികൾ രണ്ട് മാസത്തിനകം തിട്ടപ്പെടുത്തി നിയമപ്രകാരം കൈകാര്യം ചെയ്യുന്നതിനായി 'മുസഫർ സർട്ടിഫൈഡ് അക്കൗണ്ടന്റ്സിനെ' ലിക്വിഡേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് നിലവിൽ വന്നതോടെ ഈ സംഘടനകളിലെ ഭാരവാഹികൾക്കോ ജീവനക്കാർക്കോ ബാങ്കുകൾക്കോ ഇവരുടെ ഫണ്ടുകൾ കൈകാര്യം ചെയ്യാനോ പ്രവർത്തനങ്ങൾ നടത്താനോ നിയമപരമായ അനുമതിയുണ്ടായിരിക്കില്ല. സംഘടനകളുടെ എല്ലാ രേഖകളും പണവും ലിക്വിഡേറ്റർക്ക് കൈമാറാനും മന്ത്രാലയം നിർദ്ദേശിച്ചു.

article-image

fdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed